-->

ദേശീയ മത്സ്യ കര്‍ഷക ദിനം (National Fish Farmers Day) - July 10

 എല്ലാ വര്‍ഷവും ജൂലൈ 10നാണ് ദേശീയ മത്സ്യ കര്‍ഷക ദിനം ആചരിക്കുന്നത്. ഡോ. കെ എച്ച് അലിക്കുഞ്ഞി, ഡോ. എച്ച് എല്‍ ചൗധരി എന്നീ ശാസ്ത്രജ്ഞരുടെ ഓര്‍മ പുതുക്കാനാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. 

ഈ രണ്ടു ശാസ്ത്രജ്ഞരും ചേര്‍ന്നാണ് ഒഡീഷയിലെ കട്ടക്കിലെ മുന്‍ സി ഐ എഫ് ആര്‍ ഐ പോണ്ട് കള്‍ച്ചര്‍ ഡിവിഷനില്‍ വെച്ച് 1957 ജൂലൈ 10-ന് ഇന്ത്യയിലെ പ്രധാനപ്പെട്ട കാര്‍പ്‌സ് മത്സ്യങ്ങളുടെ ഹൈപ്പോഫിസേഷന്‍ അഥവാ കൃത്രിമ പ്രജനനം വിജയകരമായി പരീക്ഷിച്ചത്.

സുസ്ഥിരമായ മത്സ്യസമ്പത്തും ആരോഗ്യകരമായ ആവാസവ്യവസ്ഥകളും ഉറപ്പു വരുത്തുന്ന രീതിയില്‍ മത്സ്യവിഭവങ്ങളെ കൈകാര്യം ചെയ്യുന്ന വിധത്തില്‍ നമ്മുടെ രാജ്യം വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അതിലേക്ക് ശ്രദ്ധ ക്ഷണിക്കാനുമാണ് പ്രധാനമായും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. മത്സ്യ കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട മേഖലയില്‍ വലിയ സംഭാവന നല്‍കുന്ന ജനവിഭാഗങ്ങളെ ആദരിക്കാനുള്ള അവസരം കൂടിയാണ് ഈ ദിനം ഒരുക്കുന്നത്.


🔹പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (പി എം എം എസ് വൈ)


മത്സ്യ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും പരിഗണിച്ചുകൊണ്ട് അവരെ സഹായിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ പദ്ധതിയാണ് പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന. 2020 സെപ്റ്റംബര്‍ 10നാണ് ഈ പദ്ധതിയ്ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. 2020 മുതല്‍ 2025 വരെയുള്ള അഞ്ചു വര്‍ഷക്കാലം കൊണ്ട് മത്സ്യബന്ധന മേഖലയിലെ സുസ്ഥിര വികസനത്തിന്റെ ഫലമായി ഒരു നീല വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. 2019-20 സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്ര ധനകാര്യ ബജറ്റിലാണ് പി എം എം എസ് വൈ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മത്സ്യബന്ധന, അക്വാകള്‍ച്ചര്‍ മേഖലകളുടെ സമൂല വികസനമാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.


അഭിപ്രായങ്ങളൊന്നുമില്ല: