ഇന്ത്യയിലെ പ്രശസ്തനായ പക്ഷിനിരീക്ഷകനായിരുന്നു ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ. നീലകണ്ഠൻ. (1923 - ജൂൺ 14, 1992). കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായി അദ്ദേഹം കരുതപ്പെടുന്നു.വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം കാവശ്ശേരിയിലുള്ള തന്റെ തറവാട്ടിൽ വച്ച് പക്ഷിനിരീക്ഷണം തുടങ്ങി. താൻ ജോലിചെയ്ത എല്ലാ സ്ഥലങ്ങളിലും ഈ വിനോദം അദ്ദേഹം വളരെ ഗൗരവമായി പിന്തുടർന്നു.
1949-ൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കൻ സങ്കേതം കണ്ടെത്തി. ഈ കണ്ടുപിടിത്തം 1949-ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. പ്രകൃതി സംരക്ഷണ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. 1979-ൽ അദ്ദേഹം സൈലന്റ് വാലി പ്രക്ഷോഭം നയിച്ചു. കേരള നാച്യുറൽ ഹിസ്റ്ററി എന്ന സംഘടനയുടെ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന ലോക പ്രശസ്ത പരിസ്ഥിതി സംഘടനയുടെ ഇന്ത്യൻ ഘടകത്തിന്റെ വിശിഷ്ടാംഗമായിരുന്നു അദ്ദേഹം. 69-ആം വയസ്സുവരെ അദ്ദേഹം തന്റെ ജീവിതം പക്ഷികളുടെ പഠനത്തിനായി ഉഴിഞ്ഞുവെച്ചു.അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകമായ കേരളത്തിലെ പക്ഷികൾ (പുസ്തകം) മലയാള സാഹിത്യത്തിലെ ഒരു ഉത്തമ കൃതിയായി കരുതപ്പെടുന്നു. ചിത്രങ്ങൾ സഹിതം കേരളത്തിൽ കാണപ്പെടുന്ന 261 ഇനം പക്ഷികളെ ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. പരിസ്ഥിതി, പക്ഷികൾ, പക്ഷിനിരീക്ഷണം എന്നീ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പുല്ലുതൊട്ട് പൂനാര വരെ എന്ന ലേഖന സമാഹാരത്തിന് കേരള സർക്കാരിന്റെ ശാസ്ത്ര, പരിസ്ഥിതി, സാങ്കേതിക വകുപ്പിന്റെ ജനപ്രിയ ശാസ്ത്ര കൃതിക്കുള്ള പുരസ്കാരവും കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ പുരസ്കാരവും ലഭിച്ചു. അദ്ദേഹത്തിന്റെ കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകമായ പക്ഷികളും മനുഷ്യരും എന്ന പുസ്തകത്തിന് കേരള സർക്കാരിൽ നിന്നും കൈരളി കുട്ടികളുടെ ബുക്ക് ട്രസ്റ്റിൽ നിന്നും ബാല സാഹിത്യത്തിനുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ