ഒരു സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ് കുട്ടികള്‍. എന്നാല്‍ കളിച്ചു നടക്കേണ്ട പ്രായത്തില്‍ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടി വരുന്ന നിരവധി കുട്ടികള്‍ ലോകമെമ്പാടുമുണ്ട്. ലോക രാജ്യങ്ങളിൽ രഹസ്യമായും പരസ്യമായും നിരവധി കുട്ടികൾ തൊഴിലെടുക്കുന്നുണ്ട്. പൂക്കൾക്കും പൂമ്പാറ്റകൾക്കുമൊപ്പം കളിച്ചു നടക്കേണ്ട പ്രായത്തിൽ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ഭാരം ചുമക്കേണ്ടി വന്ന എത്രയോ ബാല്യങ്ങളുണ്ട്.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ തടസ്സപ്പെടുത്തുന്നതും വിദ്യാഭ്യാസം, വിനോദം, വിശ്രമം, സന്തോഷപ്രദമായ കുടുംബാന്തരീക്ഷത്തിൽ വളരാനുള്ള അവസരം തുടങ്ങിയ ബാലാവകാശങ്ങൾ പൂർണമായി ലംഘിക്കുന്നതുമായ സാമൂഹികവിപത്താണ് ബാലവേല. കുട്ടികളെക്കൊണ്ട് തൊഴിലെടുപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ ക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിന് ലക്ഷ്യമിട്ടാണ് 2002 മുതൽ അന്താരാഷ്ട്ര തൊഴിൽസംഘടന(ILO) ജൂൺ 12, ലോക ബാലവേലവിരുദ്ധദിനമായി ആചരിക്കുന്നത്.
"Universal Social Protection to End Child Labour"
എന്നതാണ് ഈ വർഷത്തെ ബാലവേല വിരുദ്ധ ദിനത്തിന്റെ മുഖവാക്യം.
ഇന്ത്യൻ ഭരണഘടന എല്ലാവർക്കും തുല്യതയും,കൂടാതെ കുട്ടികൾക്കായി പ്രത്യക അവകാശങ്ങളും നിയമപരിരക്ഷയും വാഗ്ദാനം ചെയ്യുന്നു . എങ്കിലും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും അവകാശ ലംഘനങ്ങളും വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബാലവേലക്കുള്ള കാരണങ്ങളായി ദാരിദ്ര്യവും,സംഘർഷങ്ങളും, പ്രകൃതിഷോഭവും, ദേശാടനവും, നിരക്ഷരതയും എല്ലാം നമുക്ക് ചൂണ്ടി കാണിക്കാം. ഇന്റർനാഷണൽ ലേബർ ഒർഗനൈസേഷന്റെ കണക്കനുസരിച്ച് 218 ദശലക്ഷം കുട്ടികൾ ഇന്നും ബാലവേലയുടെ ഇരകളാകുന്നു. ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നാണ് ഇവരിൽ ഭൂരിഭാഗവും.
ബാലവേലയിൽ ഏർപ്പെടുന്ന കുട്ടികളുടെ എണ്ണം ഇന്ത്യയിൽ കുറഞ്ഞു വരുകയാണെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.കടകളിലും, ഫാക്ടറികളിലും, ഭക്ഷണശാലകളിലും, ഖനികളിലും, വീട്ടുജോലികളിലും എല്ലാം എരിഞ്ഞു തീരുന്ന ലക്ഷകണക്കിനു ബാല്യങ്ങളെ ഇന്നും ഇന്ത്യയിൽ നമുക്ക് കാണാൻ സാധിക്കും. ബാലാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഓരോ തൊഴിലിടങ്ങളിലും നടക്കുന്നത്. ശാരീരിക മാനസിക പീഡനങ്ങൾക്കു പുറമെ ലൈംഗിക അതിക്രമണങ്ങൾക്കും ഇവർ ഇരകളാകുന്നു. ചെറുപ്രായത്തിലെ ഉണ്ടാവുന്ന ഈ അരക്ഷിതാവസ്ഥ കുട്ടികളുടെ ഭാവിജീവിതത്തെയും കാര്യമായി ബാധിക്കുന്നു.
പഠനമനുസരിച്ച് ആഗോളതലത്തിൽ ഓരോ 10 കുട്ടികളിലും ഒരാൾ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുണ്ട്. എന്നാൽ 2000 മുതലുള്ള കണക്കുകൾ അനുസരിച്ച് മൊത്തത്തിൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐഎൽഒ) കണക്കുകൾ അനുസരിച്ച്, ലോകത്താകമാനം 152 മില്യൺ കുട്ടികൾ ബാലവേലയിൽ ഏർപ്പെടുന്നുണ്ട്. അവരിൽ 72 മില്യൺ കുട്ടികളും അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്.
കൂട്ടുകാരേ... ബാലവേല നിരോധിക്കേണ്ടത് ഊർജ്ജവും കർമ്മശേഷിയുമുള്ള പുതിയ തലമുറ ഉറപ്പു വരുത്താൻ അനിവാര്യമാണ്... അതുകൊണ്ട് ഇക്കാര്യത്തിൽ ശക്തമായി നമുക്ക് പ്രതികരിക്കേണ്ടതുണ്ട്... നിങ്ങളുടെ പ്രതിഷേധങ്ങൾ പോസ്റ്ററുകളിലൂടെ പടരട്ടെ... അനുയോജ്യമായ പോസ്റ്റർ വാക്യങ്ങൾ തയ്യാറാക്കി ആവശ്യമെങ്കിൽ ചിത്രങ്ങൾ വരച്ചു ചേർത്ത് പോസ്റ്റർ തയ്യാറാക്കണേ... ചില പോസ്റ്റർ വാക്യങ്ങൾ താഴെ ചേർക്കുന്നു...
💐 കട്ടികൾ പണിയെടുക്കേണ്ടവരല്ല...
സ്വപ്നങ്ങൾ പണിയേണ്ടവരാണ്...
💐 അറിവ് നിർമ്മിക്കേണ്ട പ്രായത്തിൽ ... വിശപ്പിന്റെ തീയണക്കാൻ വിധിക്കപ്പെട്ട ബാല്യങ്ങൾ .... സമൂഹം ലജ്ജിക്കേണ്ടിയിരിക്കുന്നു...
💐പഠിച്ചു വളരേണ്ടും പ്രായത്തിൽ പണിയെടുത്തു തളരും കുരുന്നു ബാല്യങ്ങൾ...
💐 കട്ടിക്കാലം ആഘോഷമാക്കാനുള്ളതാണ് ... ജോലിയെടുത്ത് തളരാനുള്ളതല്ല
💐 നമ്മുടെ അശ്രദ്ധ കൊണ്ട് ഒരു കുഞ്ഞിന്റെയും സ്വപ്നങ്ങളുടെ ചിറകറ്റു പോകരുത് .... ഓർക്കണേ ...
ബാലവേല നാടിന്റെ ശാപം
💐 പസ്തകങ്ങൾ കൈയിലെടുക്കേണ്ട പ്രായത്തിൽ പണിയായുധങ്ങൾ എടുക്കാതിരിക്കട്ടെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ