2022 ജൂൺ 14 ന് ചൊവ്വാഴ്ച സൂപ്പർമൂൺ കാണാം.ജൂൺ 14 ചൊവ്വ ' പൗർണമിദിവസമാണ്. ഇത്തവണത്തെ പൗർണമിചന്ദ്രൻ സാധാരണ പൗർണമിചന്ദ്രനെക്കാളും കൂടിയ വലുപ്പത്തിലും അത്യധികമായ ശോഭയിലും കാണപ്പെടും. പൂർണ്ണചന്ദ്രൻ ഭൂമിയുമായി വളരെയടുത്തു വരുന്ന പ്രതിഭാസത്തെയാണ് സൂപ്പർമൂൺ (Super Moon) എന്നു പറയുന്നത്.. സൂപ്പർ മൂൺ സമയത്ത് പൌർണ്ണമിയും കൂടി ഒത്തുവന്നാൽ വലിപ്പമേറിയ ചന്ദ്രൻ ദൃശ്യമാവും. ഇത് അപൂർവമായാണ് സംഭവിക്കാറുള്ളത്. മഴയും മഴക്കാറുമില്ലെങ്കിൽ സൂര്യാസ്തമയ ശേഷം ഈ ദൃശ്യവിരുന്ന് ആസ്വദിക്കാം.
ഈ ദിവസം ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം 3,56,955 കിലോമീറ്ററായിരിക്കും.ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന പഥത്തിൻ്റെ പ്രത്യേകതയാണ് വലുപ്പമേറിയ പൗർണമിചന്ദ്രനായ സൂപ്പർമൂണും ചെറിയ പൗർണമിചന്ദ്രനായ മൈക്രോമൂണും സൃഷ്ടിക്കുന്നത്. ചന്ദ്രൻ്റെ പരിക്രമണപഥം ദീർഘവൃത്തമായതിനാൽ ഭൂമിയുമായുള്ള അകലം സ്ഥിരമല്ല. ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്തു വരുമ്പോൾ (perigee) പൗർണമി സംഭവിച്ചാൽ ഏറ്റവും ദൂരെയാകുമ്പോഴുള്ളതിനെക്കാൾ 30 ശതമാനം ശോഭയും 14 ശതമാനം ദൃശ്യവലുപ്പവും കൂടുതലായിരിക്കും. ഇതാണ് സൂപ്പർ മൂൺ. ചന്ദ്രൻ Apogee യിൽ ആകുമ്പോൾ സംഭവിക്കുന്ന വലുപ്പവും ശോഭയും നന്നേ കുറഞ്ഞ ചന്ദ്രനാണ് മൈക്രോ മൂൺ.
സൂപ്പർമൂൺ ദൃശ്യമാകുന്ന സമയങ്ങളിൽ ഭൂമിയിൽ ചില മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നും ഈ ദിവസങ്ങളിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കൂടാതെ ഭൂചലനത്തിനു സാധ്യതയുണ്ടെന്നാണ് ശാസ്ത്രനിരീക്ഷകരുടെ വിലയിരുത്തൽ. ഈ സമയത്ത് പ്രകൃതിയിൽ ചില ചലനങ്ങൾ കണ്ടെക്കാം. ഭൂമിയിൽ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം കുറയുന്നതിനാൽ ഇത്തരം മാറ്റങ്ങൾ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകർ പറയുന്നു. ഈ സമയത്ത് ഭൂമി ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിലാകും. ഇതിനാൽ തന്നെ പൂർണചന്ദ്രദിനങ്ങളിൽ ഭൂചലനങ്ങൾ വർധിക്കാറുണ്ട്. ആകർഷണഫലമായി ഭൂമിയിലെ പാറക്കെട്ടുകളിലും ഭൗമപാളികളിലും വലിച്ചിൽ അനുഭവപ്പെടാൻ ഇടയുണ്ട്. ഇത്തരം പ്രതിഭാസങ്ങളുടെ ഫലമായുള്ള ചെറു ഭൂചലനങ്ങൾ പിന്നീട് വൻ ഭൂകമ്പങ്ങളിലേക്കു നയിക്കുന്നതായി ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
ചന്ദ്രന്റെയും സൂര്യന്റെയും ആകർഷണം ഒരുമിച്ച് അനുഭവപ്പെടുമ്പോൾ ഭൂചലനസാധ്യത ഏറുന്നതായി ഗ്രീസിലെ ഹെലനിക് ആർക്കിൽ നടത്തിയ പഠനത്തിലും തെളിഞ്ഞതാണ്. ചന്ദ്രൻ ഭൂമിയോട് അടുത്തുവരുന്ന സൂപ്പർമൂൺ സമയത്ത് ആകർഷണ ശക്തിമൂലം ഭൗമപാളികൾ ഒന്നിനടിയിൽ മറ്റൊന്നായി തെന്നിക്കയറുന്നതായി അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനത്തിൽ തെളിഞ്ഞു. വടക്കെ അമേരിക്കൻ പാളികളിലുണ്ടായ നിരക്കവും തെന്നലുമാണ് ഈ ഭൂകമ്പത്തിനു പെട്ടെന്നു പ്രേരകമായത്. ചന്ദ്രഗ്രഹണവും സൂപ്പർമൂണും ഒരേ സമയം അനുഭവപ്പെടുന്ന സമയത്ത് സൂര്യനിലെ ചെറിയ കളങ്കങ്ങൾ പൊട്ടിത്തെറിക്കകൂടി ചെയ്താൽ (സോളാർ ഫ്ലെയർ) ഭൂമിയിൽ പലതും സംഭവിക്കാൻ സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിരുന്നു. സൂര്യനിൽ നിന്നുള്ള കാന്തികക്കാറ്റുകൾ അന്തരീക്ഷത്തിലെ പ്ലാസ്മയെ ദശലക്ഷക്കണക്കിനു കെൽവിൻ ഡ്രിഗ്രിയിലേക്കു അത്യന്തം ചൂടുപിടിപ്പിച്ച് ഇലക്ട്രോണുകളെയും പ്രോട്ടോണുകളെയും ഘന അയോണുകളെയും പ്രകാശ വേഗത്തിലേക്ക് പ്രചോദിപ്പിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തിൽ ഭൂകമ്പ സാധ്യതയും വർധിച്ചിരിക്കും. 2004 ഡിസംബർ 26 ലെ സുമാട്രാ ഭൂചലനവും അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനവും സൂര്യനിലെ സൗരകളങ്കങ്ങളിൽ നിന്നുള്ള പൊട്ടിത്തെറിയെ തുടർന്നുണ്ടായതാണെന്നു തെളിഞ്ഞിട്ടുണ്ട്.
ഭൂമിയുടെ അന്തർഭാഗം തിളച്ചു മറിഞ്ഞ് ദ്രാവകാവസ്ഥയിലായതിനാൽ ചന്ദ്രൻ അടുത്തുവരുന്നത് ഭൗമോപരിതലത്തെയും ഭൗമപാളികളെയും ബാധിക്കും. ഇതു ഭൂചലനത്തിനു പുറമെ തിരമാലകളുടെ ശക്തി വർധിക്കുന്നതിനും ഇടയാക്കും. 2011 മാർച്ചിലെ സൂപ്പർമൂൺ സമയത്ത് പസഫിക്കിലെ ഭൗമപാളികൾ അസ്ഥിരമായതിനെ തുടർന്നു ഫിലിപ്പീൻസിൽ ഭൂചലനമുണ്ടായി. ലോകത്തുണ്ടായ ശക്തിയേറിയ ആറ് പ്രധാന ഭൂകമ്പങ്ങൾക്ക് പൂർണചന്ദ്രനുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ