-->

ലോക രക്തദാന ദിനം (World Blood Donor Day) - ജൂൺ 14

ഇന്ന് ജൂൺ 14- ലോക രക്തദാന ദിനം. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്.

സുരക്ഷിതമായ രക്തദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കിത്തീർക്കുന്നതിനാണ് വർഷം തോറും നാം രക്തദാനദിനം ആചരിക്കുന്നത്.

രക്ത ദാനത്തേക്കാൾ വലിയൊരു നന്മയില്ല. നമ്മുടെ ശരീരത്തിലൂടെ നിരന്തരം പ്രവഹിച്ചു നമ്മുടെ ജീവൻ നിലനിർത്തുന്ന മഹാനദിയാണ് രക്തം. ഈ ഒഴുക്ക് നിലയ്ക്കുമ്പോൾ ജീവിതവും അവസാനിക്കും. ഈ നദിയുടെ നിറം ചുവപ്പ്. കറുത്തവർഗ്ഗക്കാരാകട്ടെ, വെളുത്തവർഗ്ഗക്കാരാകട്ടെ, തവിട്ടുനിറക്കാരാകട്ടെ എല്ലാവരുടെയും രക്തത്തിന് ചുവപ്പുനിറമാണ്. നമ്മുടെ ആരോഗ്യരംഗത്തെ ലഭ്യമായ കണക്കുകൾ പരിശോധിച്ചാൽ രക്തദാനം എന്ന നിസ്വാർത്ഥ സേവനത്തിലൂടെ പ്രതിവർഷം ലക്ഷകണക്കിന് ജീവനുകളെയാണ് നാം രക്ഷിക്കാറുള്ളതെന്ന് മനസ്സിലാക്കാം. നമ്മുടെ ശരീരത്തിനാവശ്യമായ ഓക്സിജനെയും പോഷകങ്ങളെയും വഹിച്ചു കൊണ്ട് പോകുക, ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്‌യുക, ശരീരോഷ്മാവ് നിയന്ത്രിക്കുക, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുക എന്നിവയെല്ലാം രക്തത്തിന്റെ പ്രധാന ധർമങ്ങളാണ്. രക്ത ഗ്രൂപ്പുകളെപ്പറ്റിയുള്ള വിശദമായ അറിവ് ലോകത്തിന് സംഭാവന ചെയ്ത കാൾ ലാൻഡ് സ്‌റ്റെയ്‌നറുടെ ജന്മദിനമാണ് ജൂൺ 14.

രക്തം പ്രധാനമായി 4 ഗ്രൂപ്പുകളിൽ പെടുന്നു എന്ന് തിരിച്ചറിഞ്ഞത് ലാൻഡ് സ്‌റ്റെയ്‌നറായിരുന്നു. A,B,AB,O എന്നിവയാണ് ഈ ഗ്രൂപ്പുകൾ.ഒരു വ്യക്‌തി രക്തം ദാനം ചെയ്യുമ്പോൾ ആ വ്യക്തിയുടെ ശരീരത്തിലെ അഞ്ച്‌ ലിറ്റർ രക്തത്തിൽ നിന്ന് ദാനം ചെയ്‌യുന്നതിനു 350 മില്ലിലിറ്റർ രക്തം മാത്രമേ എടുക്കാറുള്ളൂ. രക്തം ദാനം ചെയ്യുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം രക്ത ദാതാവിന്റെയും രക്തം സ്വീകരിക്കുന്ന വ്യക്തിയുടെയും ഗ്രൂപ്പ് മാറിപ്പോകരുത് എന്നതാണ്. രക്ത ഗ്രൂപ്പ് മാറിപ്പോയാൽ രക്തം സ്വീകരിക്കുന്ന വ്യക്തിയുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രതിപ്രവർത്തനങ്ങളെ ഹിമോലിട്ടിക് റിയാക്ഷൻ എന്നാണ് പറയുന്നത്‌. ഇതിന്റെ ഫലമായി രക്തം സ്വീകരിക്കുന്ന വ്യക്തിയുടെ ശരീരത്തിലെ ചുവന്ന രക്താണുക്കൾ തകർന്ന് ഹിമോഗ്ലൊബിൻ പുറത്തുവരികയും രോഗിയുടെ മൂത്രം രക്തത്തിന്റെ നിറമായി തീരുകയും ചെയ്‌യുന്നു. കരളും വൃക്കകളും അതോടൊപ്പം തകരാറിലാകുന്നു.

നിങ്ങള്‍ രക്തദാനം ചെയ്യുന്നതിന് മുന്‍പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. അതിന് വേണ്ടി ആദ്യം തന്നെ ആവശ്യത്തിന് വെള്ളം കുടിക്കുക, മതിയായ വിശ്രമം എടുക്കുക, പുകവലിയും മദ്യപാനവും ഒഴിവാക്കുക, കനത്ത ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, ഇരുമ്പും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുക എന്നിവയെല്ലാം  നിര്‍ബന്ധമായി പാലിച്ചിരിക്കേണ്ടതാണ്. രണ്ട്‌ വർഷത്തിനുള്ളിൽ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളവർ, ഉയർന്ന രക്തസമ്മർദം, പ്രമേഹ രോഗം, കാൻസർ മുതലായ രോഗമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ രക്തം ദാനം ചെയ്യാൻ പാടില്ല.

🔹രക്ത ദാനത്തെപ്പറ്റി നമുക്ക്‌ വേണ്ടത് ബോധവത്കരണം

ഒരു തവണ രക്തം ദാനം ചെയ്യുമ്പോൾ ശരീരത്തിന് നഷ്ടപെടുന്ന 350മില്ലിലിറ്റർ രക്തം 48മണിക്കൂറിനുള്ളിൽ ശരീരം ഉത്‌പാദിപ്പിച്ചു കൊള്ളും. രക്തദാനത്തിന് മുൻപ് നടത്തുന്ന ലബോറട്ടറി പരിശോധനകളിലൂടെ തങ്ങളുടെ ശരീരത്തിൽ ഏതെങ്കിലും രോഗങ്ങൾ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും. രക്തദാനത്തിന് ശേഷം പുതിയ രക്ത കോശങ്ങൾ ശരീരത്തിൽ ഉണ്ടാകുമ്പോൾ ശരീരത്തിന് നവോന്മേഷം ലഭിക്കും, രക്തത്തിലെ കൊളെസ്ട്രോൾ കുറയുകയും ചെയ്‌യും. കൊളെസ്ട്രോൾ കുറയുമ്പോൾ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യതയും കുറയുന്നു. എല്ലാറ്റിനും ഉപരിയായി നാം നൽകിയ രക്തമൊരു ജീവനെ രക്ഷിക്കുവാൻ സഹായിച്ചു എന്ന യാഥാർഥ്യം നൽകുന്ന സംതൃപ്തിയാണ് ഏറ്റവും വലുത്.

ഒഴുകുന്ന ജീവൻ എന്നാണ് രക്തത്തിന് ആരോഗ്യ വിദഗ്ധർ നൽകിയ നിർവചനം. ഒരുതുള്ളി രക്തം ഒരു പക്ഷേ  ഒരു വലിയ ജീവൻ രക്ഷിക്കാം. രക്തദാനം മഹാദാനമായി മാറുന്നതും അതുകൊണ്ട് തന്നെ. അതിനായി രക്തദാനത്തിനായി അണിചേരാം.

ഓർക്കുക …രക്തദാനം …മഹാദാനം ….

എഴുതിയത് :- ജോബി ബേബി

അഭിപ്രായങ്ങളൊന്നുമില്ല: