എല്ലാ വർഷവും ജൂൺ മാസത്തെ രണ്ടാമത്തെ ശനി ലോക പാവ ദിനമായി ആചരിക്കുന്നു. 2022 ൽ ജൂൺ 11 ശനിയാഴ്ചയാണ് ലോക പാവ ദിനം. കളിപ്പാട്ടമായും മറ്റും ഉപയോഗിക്കുന്ന ഒരു മനുഷ്യ മാതൃകയാണ് പാവ. പരമ്പരാഗതമായി തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കി വന്നിരുന്നത്.
ഇപ്പോൾ കൃത്രിമവസ്തുക്കൾ ഉപയോഗിച്ചുള്ള പാവകളും വിപണിയിൽ ലഭ്യമാണ്. പാവകളുടെ ആദ്യകാല പരാമർശങ്ങൾ ഈജിപ്റ്റ്, ഗ്രീസ്, റോം തുടങ്ങിയ പുരാതന നാഗരികതകളിൽ നിന്നും തുടങ്ങുന്നു. അവർ ലളിതവും അപരിഷ്‌കൃതവുമായ കളിക്കോപ്പുകളായും, വിപുലീകരിച്ച കലയുടെ ഭാഗമായും പാവകൾ നിർമ്മിച്ചിരുന്നു.
*🌷വിവിധ തരം പാവകൾ*
🔹ചേക്കുട്ടി പാവകൾ
പ്രളയക്കെടുതിയെ അതിജീവിച്ച കേരളത്തിന്റെ പ്രതീകമാണ് ചേക്കുട്ടി പാവകൾ. അതിജീവനത്തിന്റെ സന്ദേശവാഹകരാണ് ഈ പാവകൾ. "ചേറിനെ അതിജീവിച്ച കുട്ടി" എന്നതാണ് 'ചേക്കുട്ടി' എന്ന പേരിനാൽ ഉദ്ദേശിക്കുന്നത്. ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിനായുള്ള വേറിട്ട ആശയമാണ് ചേക്കുട്ടിയുടെ പിറവിക്ക് പിന്നിൽ. കൊച്ചിയിൽ നിന്നുള്ള ലക്ഷ്മി, ഗോപിനാഥ് എന്നിവരാണ് ചേക്കുട്ടി പാവകളുടെ സൃഷ്ടിക്കു പിന്നിൽ.
▪️നിർമ്മാണം
വെള്ളം കയറി ചെളി പിടിച്ച സാരിയും മുണ്ടും ഉൾപ്പെടെയുള്ള തുണികളാണ് ക്ലോറിനേറ്റ് ചെയ്തു കഴുകി വൃത്തിയാക്കിയ ശേഷം പാവ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. 1500 രൂപ വിലയുള്ള ഒരു സാരിയിൽ നിന്ന് 250-360 ചേക്കുട്ടി പാവകളാണ് നിർമ്മിക്കുന്നത്. ഒരു മുണ്ടിൽ നിന്നും 140 പാവകൾ വരെ നിർമ്മിക്കുന്നു. ഒരു ചേക്കുട്ടി പാവക്ക് 25 രൂപയാണു വിലയായി നിശ്ചയിച്ചിരുന്നത്.
▪️പ്രാധാന്യം
ചെളിയിൽ പുതഞ്ഞുപോയ ചേന്ദമംഗലത്തെ കൈപിടിച്ചു കയറ്റുന്ന മുന്നേറ്റങ്ങളിൽ ഏറ്റവും മനോഹരമായ ആശയമായിരുന്നു ചേക്കുട്ടി പാവകൾ. ഒരുപക്ഷേ, കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിന്നുളള അതിജീവനത്തിലെ ഏറ്റവും സർഗാത്മകമായ ഏടാണ് ചേക്കുട്ടി തുന്നിയെടുത്തത്. ചെറിയൊരു കാലയളവിനുളളിൽ 16 ലക്ഷം രൂപയുടെ പാവകൾക്കുള്ള ഓർഡറാണ് ലഭിച്ചത്.
▪️വളർച്ച
ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റുകൾക്ക് പുനർജീവൻ നൽകാനായി കൊച്ചിയുടെ തെരുവുകളിൽ ആരംഭിച്ച ചേക്കുട്ടി പാവ മേക്കിങ് വർക്ക് ഷോപ്പുകൾ ജില്ലകളും സംസ്ഥാനങ്ങളും കടന്ന് അങ്ങ് അമേരിക്ക വരെയെത്തി. വളണ്ടിയർമാരും സ്കൂളുകളും റെസിഡൻസ് അസോസിയേഷനുകളും അയൽപ്പക്ക കൂട്ടായ്മകളുമൊക്കെ ചേക്കുട്ടി നിർമ്മാണത്തിനായി മുന്നോട്ട് വന്നു. ഡൽഹിയിലെ ജെ എൻ യു ക്യാമ്ബസും കൊച്ചിയിലെ ഇൻഫോ പാർക്കും എന്നു തുടങ്ങി കാലിഫോർണിയ ഫ്രീമോണ്ടിലെ എലിസബത്ത് പാർക്കിലെ മലയാളി കൂട്ടായ്മയിൽ നിന്നു വരെ ചേക്കുട്ടി പാവകൾ പിറന്നു. അങ്ങനെയങ്ങനെ ചേക്കുട്ടി എന്ന ചേറിലെ കുട്ടി ഒരു 'ഇന്റർനാഷണൽ' കുട്ടിയായി വളർന്ന സ്നേഹഗാഥയ്ക്ക് കൂടിയാണ് പ്രളയാനന്തര കേരളം സാക്ഷിയായത്.
🔹ബാർബി
ബാർബി ലോക പ്രശസ്തമായ ഒരു പാവയാണ് .1959-ലാണ് ബാർബി പാവകൾ നിർമ്മിക്കാൻ തുടങ്ങിയത്.മാട്ടേൽ എന്ന അമേരിക്കൻ കമ്പനിയാണ് ബാർബി പാവകൾ നിർമ്മിച്ച് ലോകത്തെ കളിപ്പാട്ട വിപണിയെ കീഴടക്കിയത്. ബാർബി പാവയുടെ പിന്നിലുള്ള ആശയം വ്യവസായി ആയ റൂത്ത് ഹാൻഡ്‌ലർ എന്ന സ്ത്രീയാണ് രൂപപെടുത്തിയത്, അതിനവർക്ക് പ്രചോദനമായത് ഒരു ജർമ്മൻ പാവയായ ബിൽഡ് ലില്ലി ആയിരുന്നു.ഹാരോൾഡ് മാട്‌സൺ, റൂത്ത് ഹാൻഡ്‌ലർ,റൂത്ത് ഹാൻഡ്‌ലറുടെ ഭർത്താവ് ഏലിയറ്റ് ഹാൻഡ്‌ലർ എന്നിവർ ചേർന്ന് 1945 ൽ സ്ഥാപിച്ച മാട്ടേൽ കമ്പനി കോടികളുടെ ലാഭമാണ് ബാർബിയുടെ നിർമ്മാണത്തിലൂടെ നേടിയത്. 50 കൊല്ലത്തിലധികമായി പാവകളുടെ വിപണിയിലെ പ്രധാന സാന്നിധ്യമാണ് ബാർബി പാവ.എണ്ണമറ്റ വിവാദ വിഷയങ്ങളാണ് തന്റെ ചെറിയ വസ്ത്രങ്ങളിലൂടെയും തന്നെകുറിച്ചുള്ള അനുകരണങ്ങളിലൂടെയും ബാർബി പാവക്കുള്ളത്.
🔹കൊകേഷി
ജപ്പാനിൽ നിന്നുള്ള മരപ്പാവകളാണ് കൊകേഷി. 150 വർഷത്തിലേറെയായി കുട്ടികൾക്കുള്ള കളിപ്പാട്ടമായി രൂപകൽപ്പന ചെയ്ത കൈകളോ കാലുകളോ ഇല്ലാത്ത ലളിതമായ തടി പാവകളാണ് ഇത്. ജാപ്പനീസ് പാവകൾ, യഥാർത്ഥത്തിൽ ജപ്പാനിലെ വടക്കുകിഴക്കൻ മേഖലയിൽ (ടഹോകു-ചിഹ) നിന്നുള്ളതാണ്. അവ തടിയിൽ നിന്ന് കൈകൊണ്ട് നിർമ്മിച്ചവയാണ്. ലളിതമായ ശരീരവും തലയും, മുഖം നിർവചിക്കാൻ കുറച്ച് നേർത്ത ചായം പൂശിയതുമായ വരികളും കാണപ്പെടുന്നു. ശരീരത്തിൽ പലപ്പോഴും പുഷ്പങ്ങളുടെയോ, അല്ലെങ്കിൽ വളയ ഡിസൈനുകൾ ചുവപ്പ്, കറുപ്പ്, ചിലപ്പോൾ പച്ച, പർപ്പിൾ, നീല അല്ലെങ്കിൽ മഞ്ഞ എന്നീ നിറങ്ങളിലെ മഷി കൊണ്ട് വരച്ചിരിക്കുന്നു. കൂടാതെ മെഴുക് പാളി കൊണ്ട് മൂടുകയും ചെയ്യുന്നു. കൈകളോ കാലുകളോ ഇല്ലാത്തതാണ് കോകേഷി പാവകളുടെ ഒരു പ്രത്യേകത. 1950 കൾ മുതൽ കോകേഷി നിർമ്മാതാക്കൾ സാധാരണയായി പാവകളുടെ അടിയിലോ പിന്നിലോ അവരുടെ സൃഷ്ടികളിൽ ഒപ്പുവയ്ക്കുകയും ചെയ്തു.
🔹ദാരുമ പാവകൾ
ജപ്പാൻകാർ ഭാഗ്യചിഹ്നമായി കാണുന്ന പ്രത്യേക തരം പാവകളാണ് ദാരുമ പാവകൾ.ഈ പാവകൾ സെൻ ബുദ്ധമതത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു. കൂടാതെ ഇത്തരം പാവകൾ ജപ്പാനിൽ വ്യാപകമായത് എ .ഡി അഞ്ചാം നൂറ്റാണ്ടിലോ/ആറാം നൂറ്റാണ്ടിലോ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന സെൻ ബുദ്ധ സന്യാസിയായ ബോധിധർമ്മന്റെ കാലശേഷം ആണെന്ന് കരുതപ്പെടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ