ദേശീയ പെൻസിൽ ദിനം (National Pencil Day)
മാർച്ച് 30 ദേശീയ പെൻസിൽ ദിനമാണ്. വരയ്‌ക്കാനും എഴുതാനും ഉപയോഗിക്കുന്ന ഒരു വസ്തു അല്ലെങ്കിൽ ഒരു ഉപകരണമാണ് പെൻസിൽ. നാം എല്ലാവരും നോട്ട് പുസ്തകത്തിൽ ആദ്യം എഴുതിയത് പെൻസിലുകൾ ഉപയോഗിച്ചാകും.
പേനയെക്കാൾ കൂടുതൽ കാലം ഉപയോഗിക്കാമെന്നതും തെറ്റിയാൽ മായ്‌ക്കാം എന്നതും പെൻസിലിന്റെ പ്രധാന സവിശേഷതയാണ്. വിവിധ വർണ്ണങ്ങളിലുള്ള പെൻസിലുകൾ കുട്ടികളെപ്പോലെ മുതിർന്നവരെയും ആകർഷിക്കാറുണ്ട്.
1564 ൽ ഇംഗ്ലണ്ടിലെ ബോറെഡെയിലിൽ വൻ ഗ്രാഫൈറ്റ് ശേഖരം കണ്ടെത്തിയതിന് ശേഷമാണ് പെൻസിലുകൾ രൂപം കൊള്ളാൻ ആരംഭിച്ചത്. പെൻസിലിന്റെ യഥാർത്ഥ നിർമ്മാതാവ് ആരെന്ന കാര്യം ഇപ്പോഴും തർക്ക വിഷയമാണെങ്കിലും ജർമ്മൻ കാരനായ കോൺറാഡ് ജെസ്‌നറാണ് ആദ്യമായി പെൻസിൽ കണ്ടുപിടിച്ചതെന്നാണ് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. 1565 ലായിരുന്നു അദ്ദേഹം ആദ്യത്തെ പെൻസിൽ നിർമ്മിച്ചത്. പേപ്പറിന്റെ ആദ്യരൂപം കണ്ടുപിടിച്ചത് മുതൽ അതിൽ എഴുതാൻ പല ഉപകരണങ്ങളും കണ്ടുപിടിച്ചിരുന്നു. ലെഡ് കൊണ്ടുള്ള പ്രത്യേക ഉപകരണമായിരുന്നു ഇതിൽ കൂടുതൽ ആയി ഉപയോഗിച്ചിരുന്നത്.
പിന്നീട് ഗ്രാഫൈറ്റ് ശേഖരം കണ്ടുപിടിച്ചതോടെ ലെഡിനു പകരം ഗ്രാഫൈറ്റ് സംയുക്തം ഉപയോഗിച്ച് ഇത്തരം പെൻസിലിന് സമാനമായ രീതിയിലുള്ള ഉപകരണങ്ങൾ നിർമ്മിച്ചു. ലെഡിനേക്കാൾ കറുത്തതും വ്യക്തവുമായി എഴുതാൻ സാധിക്കും എന്ന അനുമാനത്തെ തുടർന്നായിരുന്നു ഇത്. വളരെ നേർത്ത ഗ്രാഫൈറ്റ് കഷ്ണങ്ങൾ പൊതിഞ്ഞായിരുന്നു ആദ്യം എഴുതാനായി ഉപയോഗിച്ച് പോന്നിരുന്നത്. പിന്നീട് അവ മരത്തടികൾക്കിടയിൽ കടത്തിവെച്ച് ഉപയോഗിക്കാൻ ആരംഭിച്ചു. എഴുതാനായി നിർമ്മിക്കുന്ന ഗ്രാഫൈറ്റ് സംയുക്തങ്ങളെ ലെഡ് എന്ന് തന്നെയാണ് അന്നത്തെ കാലത്ത് വിളിച്ചിരുന്നത്. അതിനാൽ ഇതു കൊണ്ടു നിർമ്മിച്ച പെൻസിലുകൾ ലെഡ് പെൻസിലുകൾ എന്നാണ് വിളിച്ച് പോന്നിരുന്നത്.
1662 ആയപ്പോഴേക്കും പെൻസിലിന്റെ നിർമ്മാണ കേന്ദ്രം ലണ്ടനിൽ നിന്നും ജർമ്മനിയിലേക്ക് മാറി. ഇത് പെൻസിലുകളുടെ പ്രചാരം കുറച്ചു കൂടി വർദ്ധിക്കുന്നതിന് കാരണമായി. എന്നാൽ പെൻസിലിന്റെ പ്രശസ്തിക്ക് അടിസ്ഥാനമിട്ടത് 1795 ൽ ഫ്രഞ്ച് രസതന്ത്രജ്ഞനായ നിക്കോളാസ് കോന്റെ ആയിരുന്നു. കളിമണ്ണും ഗ്രാഫൈറ്റു വെള്ളത്തിൽ കലക്കിയുണ്ടാക്കിയ മിശ്രിതം മരത്തടിയിലേക്ക് കടത്തി അദ്ദേഹം പുതിയ പെൻസിൽ ഉണ്ടാക്കി. ആധുനിക പെൻസിലുകളുടെ നിർമ്മാണത്തിന് വഴിവെച്ചത് അദ്ദേഹത്തിന്റെ ഈ കണ്ടുപിടിത്തമായിരുന്നു.
ആരംഭകാലത്ത് പെൻസിലുകൾ ചായം തേയ്‌ക്കാതെയായിരുന്നു വിപണിയിൽ എത്തിച്ചിരുന്നത്. പിന്നീട് 1890 കളിൽ ചായം ചേർത്ത പെൻസിലുകൾ വിപണിയിൽ എത്തിക്കാൻ ആരംഭിച്ചു. ഇത് വിപണിയിൽ പെൻസിലിന്റെ ആവശ്യകത ഉയർത്തി. വർണ്ണങ്ങളിൽ ആകൃഷ്ടരായവർ പെൻസിലുകൾ കൂടുതൽ വാങ്ങിച്ച് ഉപയോഗിക്കാൻ ആരംഭിച്ചു. പേനകളുടെ വരവും വിപണിയിൽ പെൻസിലിന്റെ മൂല്യത്തിന് ഇടിവ് വരുത്തിയില്ല എന്ന് വേണം പറയാൻ. ഇന്ന് പേനയെക്കാൾ വിപണി കീഴടക്കുന്നത് പെൻസിലുകളാണ്. ഇക്കാര്യം മനസ്സിലാക്കി നിരവധി കമ്പനികളാണ് പെൻസിൽ നിർമ്മാണത്തിൽ മാത്രം ഏർപ്പെട്ടിരിക്കുന്നത്.കുട്ടികളെ കൂടുതൽ ആകർഷിക്കാനായി പെൻസിലുകളിൽ പരീക്ഷണങ്ങൾക്കും കമ്പനികൾ തയ്യാറാകുന്നുണ്ട്. റബ്ബറോട് കൂടിയ പെൻസിലുകളും വിവിധ കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളോട് കൂടിയ പെൻസിലുകൾക്കും ഇന്ന് കുട്ടികൾക്കായി നിർമ്മിക്കുന്നുണ്ട്. ആകർഷകമായ പെൻസിലുകൾ കുട്ടികളെ പഠനത്തിലും തത്പരരാക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ