*ലോക നാടക ദിനം (World Theatre day)*
ജനങ്ങളെ ഒരുമിച്ചു നിർത്തുന്നതിൽ രംഗകലകൾക്കുള്ള ശക്തിയും കഴിവും ഓർമ്മിക്കാനുള്ള ദിനമാണ് ലോക നാടക ദിനം അഥവാ വേൾഡ് തിയേറ്റർ ഡേ. നാടകം മാത്രമല്ല, അരങ്ങിൽ വരുന്ന എല്ലാ കലകളും തിയേറ്ററിന്റെ പരിധിയിൽ വരും.
1961-ൽ ഹെൽസിങ്കിയിലും പിന്നീട് വിയന്നയിലുമായി ലോകനാടക വേദിയുടെ ഒൻപതാമത് കൺവെൻഷൻ നടന്നു. അന്ന് നാടകവേദിയുടെ പ്രസിഡന്റായ ആർ.വി.കിവിമയുടെ നിർദ്ദേശമാണ് ലോകനാടക ദിനം എന്ന ആശയം. അങ്ങനെയാണ് മാർച്ച് 27 നാടക ദിനമാക്കാൻ തീരുമാനമായത്.
പ്രേക്ഷകരോട് ശക്തമായി സംവദിക്കാൻ കഴിയുന്ന, അവരുടെ ഭാഷ സംസാരിക്കുന്ന, ജീവിതത്തോട് ഏറെ അടുത്തു നിൽക്കുന്ന കലയാണ് നാടകം. ചരിത്രത്തിന്റെ ഗതി നിർണ്ണയിച്ച പല ഇടപ്പെടലുകൾക്കും ശക്തമായ മീഡിയയായി വർത്തിക്കാൻ നാടകത്തിന് കഴിഞ്ഞത്, അത്രമേൽ ജനകീയമായ കലയായി അതു മാറിയതുകൊണ്ടാണ്.എന്നാൽ ദൃശ്യമാധ്യമങ്ങളുടെ കടന്നു വരവോടെ നാടകങ്ങളുടെ ജനകീയതയെ സിനിമയടക്കമുള്ള ദൃശ്യകലകൾ ഏറ്റെടുത്തു.ഇത്തരത്തിൽ രംഗകലകൾ ജനങ്ങളിൽ നിന്നും അകന്നു പോകുന്നതിനെതിരെയുള്ള തിരിച്ചറിവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിൽ ഏപ്രിൽ 25 മുതൽ മെയ് ഒന്നു വരെ ടി.വി കാണാത്ത ആഴ്ച്ചയായി ആചരിക്കുകയാണ്. ഇത് രംഗകലകളെ പോഷിപ്പിക്കാനായി ചെയ്യുന്നതാണെങ്കിലും ശ്വാശതമായ പരിഹാരമാണ് ആവശ്യം.പുതിയ കാലത്തിനൊത്ത് നവീനമായ രീതിയിൽ രംഗകലകളെ പരിഷ്കരിക്കേണ്ടതുണ്ട്.അത്തരം മാറ്റങ്ങൾ ധാരാളമായി കടന്നുവരുന്നതോടെ രംഗകലകൾക്ക് അവയുടെ ജനകീയത വീണ്ടെടുക്കാനാവും.
🔹നാടകം
അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം. വളരെയധികം ജനപ്രീതിയാർജ്ജിച്ച ഒരു ദൃശ്യ കലയായ നാടകം, സുകുമാരകലകളിൽ ഉൾപെടുന്നു. 'ഒരു പൂർണക്രിയയുടെ അനുകരണം' എന്നാണ് നാടകത്തെ അരിസ്റ്റോട്ടിൽ നിർവചിച്ചിട്ടുള്ളത്. നാടകം ഒരു സങ്കരകലയോ സമ്പൂർണകലയോ ആണെന്നു പറയാം. കാരണം അതിൽ സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സാകല്യം കാണാം. നാടകാവതരണത്തിന്റെ സാഹിത്യരൂപമാണ് പൊതുവേ നാടകം അഥവാ ഡ്രാമ എന്നറിയപ്പെടുന്നതെങ്കിലും ഡു (Do) എന്ന പദത്തിൽനിന്നാരംഭിച്ച 'ഡ്രാമ'യും നാടകത്തിലെ ക്രിയാംശത്തിലേക്കുതന്നെയാണ് വിരൽചൂണ്ടുന്നത്. നാടകത്തെ സമ്പൂർണമായി ഉൾക്കൊള്ളുന്ന ആംഗലേയപദം തിയേറ്റർ (Theatre) ആണ്. മലയാളത്തിൽ നാടകവേദിയെന്നും നാടകകലയെന്നും പ്രയോഗിക്കാറുണ്ട്. രംഗവേദിയിൽ അവതരിപ്പിക്കുന്ന വൈകാരികഭാവങ്ങളോട് പ്രേക്ഷകൻ സംവദിക്കുമ്പോഴാണ് തിയേറ്റർ സമ്പൂർണമാകുന്നത്.
നാടകകല, നാടകസാഹിത്യം എന്നിവയിൽ ഏതാണു പ്രധാനം എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. സാഹിത്യത്തിനു പ്രാധാന്യം കല്പിക്കുന്നവർ നാടകസാഹിത്യത്തിനാണ് പ്രാധാന്യമെന്നും മറ്റൊരു കൂട്ടർ നാടകകലയ്ക്കടിസ്ഥാനമായി ഒരു സാഹിത്യകൃതി അത്യന്താപേക്ഷിതമല്ലെന്നും ഒരു സാഹിത്യകൃതിയെയും അവലംബിക്കാതെ നാടകത്തിന് രൂപംനല്കാനും അരങ്ങത്ത് ആവിഷ്കരിക്കാനും സാധിക്കുമെന്നും കരുതുന്നു. നാടകസാഹിത്യത്തെയും നാടകകലയെയും ഒരുപോലെ മനസ്സിലാക്കിയിട്ടുള്ളവരും കലാതത്ത്വവാദികളുമാണ് രണ്ടാമത്തെ വീക്ഷണഗതി വച്ചുപുലർത്തുന്നത്. എന്തായാലും ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന ഒരു കലയെന്നനിലയിൽ നാടകത്തിന്റെ ശക്തി വളരെ വലുതാണ്. അതുകൊണ്ടാണ് മറ്റേതൊരുകലയെക്കാളും നാടകം ജനകീയകലയായി വളർന്നത്; പലപ്പോഴും ഒരു സമരായുധം തന്നെയായിരുന്നു അത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ