
കാട്ടിലെ കിരീടം വയ്ക്കാത്ത രാജാവാണ് കടുവ. നമ്മുടെ ദേശീയ മൃഗമാണ് കടുവ.
കടുവകളുള്ള കാട് മികച്ച പരിസ്ഥിതി സംതുലനമുള്ള പ്രദേശമായിരിക്കും. കാട്ടില്‍ ആരോഗ്യമുള്ള കടുവകള്‍ ഉണ്ടാകണ മെങ്കില്‍ അവിടെ പുല്ല് തിന്നുന്ന ജീവികള്‍ ധാരാളം ഉണ്ടാകണം. എങ്കിലേ കടുവകള്‍ക്ക് ആവശ്യത്തിന് ഇര ലഭിക്കൂ. മാന്‍ പോലുള്ള സസ്യഭുക്കുകള്‍ ഉണ്ടാകണമെങ്കില്‍ ധാരാളം പച്ചപ്പ് വേണം. അത് ഉണ്ടാകണമെങ്കില്‍ അനുയോജ്യമായ കാലാവസ്ഥ വേണം. കാടിന്റെ സമ്പൂര്‍ണ ആരോഗ്യം കാത്തുരക്ഷിക്കുന്നതിന് കടുവകള്‍ കാരണമാകുന്നത് അതുകൊണ്ടാണ്. ധാരാളം കടുവകളുള്ള കാട് നശിക്കില്ല. ഭക്ഷണശ്രേണിയിലെ ഏറ്റവും മുകളിലുള്ള കടുവയുടെ അഭാവം താഴോട്ടുള്ള ഓരോ ശൃംഖലയെയും ബാധിക്കും. കാട്ടില്‍ സസ്യാഹാരം തിന്ന് വളരുന്ന ജീവികള്‍ പെറ്റുപെരുകും. ഇവ എണ്ണത്തില്‍ ക്രമാതീതമായി വളരുന്നതോടെ കാട്ടിലെ സസ്യലതാദികള്‍ മുഴുവന്‍ തിന്നുതീര്‍ക്കും. സസ്യങ്ങള്‍ ഇല്ലാതാകുന്നതോടെ കാട് വരള്‍ച്ച ബാധിച്ച് നശിക്കും. കാട് ഇല്ലാതാകുന്നതോടെ ജലലഭ്യത കുറഞ്ഞ് ആ പ്രദേശം വരണ്ടുണങ്ങും. ആവാസ വ്യവസ്ഥ അതോടെ തകിടം മറിയും.
1920കളില്‍ ലോകത്താകമാനം ഒരു ലക്ഷത്തിലധികം കടുവകളുണ്ടായിരുന്നു. ഇന്നത് സ്വാഭാവിക ചുറ്റുപാടില്‍ മൂവായിരത്തി ഇരുനൂറിനടുത്താണ്. സ്വതന്ത്രമായ ചുറ്റുപാടില്‍ ഇന്നുള്ളതിനേക്കാള്‍ മൂന്നിരട്ടി കടുവകള്‍ അമേരിക്കയിലെ മൃഗശാലയിലുണ്ട്.പണ്ട് കാലത്ത് സമ്പന്നതയുടെ ലക്ഷണമായി കടുവകളെ ഓമനിച്ച് വളര്‍ത്തിയിരുന്നു. ഇന്ത്യയിലെ രാജാക്കന്മാര്‍ കടുവകളെ ഇണക്കി വളര്‍ത്തി. അവരില്‍ പലരുടെയും കളിക്കൂട്ടുകാരായിരുന്നു കടുവകള്‍. കാട്ടിലെ ജീവിതം അറിഞ്ഞ് വരുന്നതിന് മുമ്പ് അതായത് ഒരു മാസം പ്രായമുള്ളപ്പോഴാണ് കടുവക്കുട്ടികളെ എടുത്ത് വളര്‍ത്തിയിരുന്നത്. വലുതായാല്‍ പിന്നെ മനുഷ്യനുമായി ഇവ ഇണങ്ങില്ല.
ഒരു കാലത്ത് കടുവയുടെ നാട് എന്നാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്. വംശനാശം വലിയതോതില്‍ നേരിട്ടതോടെ ഇവയെ ദേശീയ മൃഗമാക്കി 1972ല്‍ കടുവവേട്ട ഇന്ത്യയില്‍ നിരോധിച്ചു. 1972ല്‍ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമം നിലവില്‍വന്നു. ഇന്ന് 18 സംസ്ഥാനങ്ങളിലായി 47 ടൈഗര്‍ റിസര്‍വുകളാണുള്ളത്. ഇത് ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 2.08 ശതമാനം പ്രദേശത്തായി വ്യാപിച്ച് കിടക്കുന്നു.2014ലെ വന്യമൃഗ സെന്‍സസ് പ്രകാരം ഇന്ത്യയിലെ കാടുകളില്‍ 2226 കടുവകള്‍ ഉണ്ട്. ഇത് 2010ലെ സെന്‍സസിനെ അപേക്ഷിച്ച് 30 ശതമാനം വര്‍ധന കാണിക്കുന്നു. അന്ന് ഇന്ത്യന്‍ കാടുകളില്‍ ഉണ്ടായിരുന്നത് 1706 കടുവകള്‍ മാത്രമായിരുന്നു. 2006ല്‍ ആകട്ടെ 1411 കടുവകളും.
പന്താറ ടൈഗ്രീസ് (Panthera tigris)എന്നാണ് കടുവയുടെ ശാസ്ത്രനാമം. പൂച്ച കുടുംബത്തിലെ(Felidae) ഏറ്റവും വലിയ അംഗം. റോമക്കാരാണ് കടുവയെ ടൈഗ്രീസ് എന്ന് ആദ്യമായി വിളിച്ചത്. അമ്പിന്റെ വേഗത്തെ സൂചിപ്പിക്കുന്ന ടൈഗ്രാ എന്ന പേര്‍ഷ്യന്‍ പദത്തില്‍നിന്നാണ് ടൈഗര്‍ ഉണ്ടായത്. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ കടുവക്ക് കഴിയും. 1.5മീറ്റര്‍ മുതല്‍ 3മീറ്റര്‍ വരെ നീളം. 109 മുതല്‍ 350 കിലോഗ്രാംവരെ ശരീരഭാരവും ഇവയ്ക്കുണ്ട്.
ലോകത്ത് എട്ട് തരം കടുവകളുള്ളതായി കണക്കാക്കുന്നു. സൈബീരിയന്‍, ബംഗാള്‍, ചൈനീസ്, ഇന്തോചൈനീസ്, സുമാത്രന്‍, ജാവന്‍, ബാലിനിസ്, കാസ്പിയന്‍ എന്നിവയാണവ. ഇന്ത്യന്‍ കടുവകള്‍ ബംഗാള്‍ കടുവകള്‍ എന്നാണ് അറിയപ്പെടുന്നത്. ജാവന്‍, ബാലിനീസ്, കാസ്പിയന്‍ കടുവകള്‍ വംശനാശം നേരിട്ടുകഴിഞ്ഞു. മറ്റുള്ളവ വംശനാശത്തിന്റെ വക്കിലാണ്. ഇന്നുള്ളതില്‍ ഏറ്റവും വലുത് സൈബീരിയന്‍ കടുവയാണ്. ഇവയെ ഏഷ്യയുടെ തണുപ്പേറിയ വടക്ക് കിഴക്കന്‍ ഭാഗങ്ങളിലും സൈബീരിയയിലും കാണുന്നു. കടുത്ത വംശനാശഭീഷണി സൈബീരിയന്‍ കടുവകളും നേരിടുന്നുണ്ട്.
ലോകത്ത് കടുവകളുടെ 70 ശതമാനവും ഇപ്പോള്‍ ഇന്ത്യയിലാണ്. സുന്ദര്‍ബന്‍ഡ്, പെരിയാര്‍, കോര്‍ബറ്റ്, കാന്‍വി, കാസിരംഗ, രണ്‍ത്ഥബോര്‍ എന്നിവ പ്രധാനപ്പെട്ട കടുവാസങ്കേതങ്ങളാണ്.
കടുവകളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി 1973ൽ ആരംഭിച്ച പദ്ധതിയാണ് കടുവാ സംരക്ഷണ പദ്ധതി(ഇംഗ്ലീഷ്: Project Tiger). ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിൽ ഏപ്രിൽ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. നിലവിൽ 28 സംസ്ഥാനങ്ങളിലായി 17 കടുവാ സംരക്ഷണ കേന്ദ്രങ്ങളുണ്ട് (Tiger Reserves). രാജ്യത്തെ കടുവാ സംരക്ഷണ കേന്ദ്രങ്ങളുടെയെല്ലാം കൂടി വിസ്തീർണ്ണം 37,761ചതുരശ്ര കിലോമീറ്റർ വരും. ആന്ധ്രാപ്രദേശിലെ നാഗാർജ്ജുൻ സാഗർ ടൈഗർ റിസർവാണ് ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ കേന്ദ്രം. ഏറ്റവും ചെറുത് മഹാരാഷ്ട്രയിലെ പെഞ്ചും ആണ്.
പെരിയാർ ടൈഗർ റിസർവ്വ്, പറമ്പിക്കുളം ടൈഗർ റിസർവ്വ് എന്നിവ കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ