ഫ്രാൻസിലെ അൽസേസിലെ ജോസഫ് മെയ്‌സ്റ്റെർ എന്ന ഒൻപത് വയസ്സുള്ള കുട്ടിയെ പേപ്പട്ടി കടിച്ച് ഗുരുതരമായി പരിക്കേൽപിച്ചത് 1885 ജൂലൈ നാലിനായിരുന്നു. പേപ്പട്ടിയുടെ കടിയേറ്റാൽ പേവിഷബാധയേറ്റ് മരണം ഉറപ്പുള്ള കാലമാണത്, ഫലപ്രദമായ ശാസ്ത്രീയ ചികിത്സകൾ ഒന്നും ലഭ്യമല്ല. എന്നാൽ തന്റെ പിഞ്ചു മകന്റെ ജീവൻ റാബിസ് വൈറസിന് വിട്ടു നൽകാൻ ജോസഫ് മെയ്‌സ്റ്റെറിന്റെ അമ്മ ഒരുക്കമല്ലായിരുന്നു.
പേവിഷത്തിന് ഫലപ്രദമായ ചികിൽസ കണ്ടുപിടിക്കാൻ വർഷങ്ങളായി പരിശ്രമിക്കുന്നതായി താൻ കേട്ടറിഞ്ഞ ലൂയീ പാസ്റ്റർ എന്ന ശാസ്ത്രജ്ഞനെ തേടി ആ അമ്മ പാരീസിലെത്തി. ലൂയി പാസ്റ്റർ വികസിപ്പിച്ചതും അത്രയും നാൾ മൃഗങ്ങളിൽ മാത്രം പരീക്ഷിച്ചിരുന്നതുമായ പേവിഷബാധ വാക്സിൻ ആദ്യമായി തന്റെ മകനിൽ പരീക്ഷിക്കാൻ ജോസഫ് മെയ്‌സ്റ്റെറിന്റെ അമ്മ അദ്ദേഹത്തിന് നിരുപാധികം അനുമതി നൽകി. ആ അമ്മയുടെ ശുഭാപ്തി വിശ്വാസവും താൻ വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാനുള്ള ലൂയി പാസ്ചറിന്റെ നിശ്ചയദാർഢ്യവും ഒരുമിച്ചതോടെ പിന്നെ വൈകിയില്ല.
1885 ,ജൂലൈ 6 ന് രാവിലെ 8 ന്, നായ കടിച്ചതിന് ഏതാണ്ട് 60 മണിക്കൂറിനുശേഷം ലൂയി പാസ്റ്റർ പേവിഷബാധ വാക്സിൻ ആദ്യ ഡോസ് ജോസഫ് മെയ്സ്റ്ററിന്റെ ശരീരത്തിൽ കുത്തിവച്ചു. റാബിസ് ബാധിച്ച മുയലുകളിലെ നാഡികളിൽ നിന്നും ശേഖരിച്ച വീര്യം കുറഞ്ഞ വൈറസുകളായിരുന്നു ആ പ്രഥമ വാക്സിൻ. അടുത്ത 10 ദിവസങ്ങളിൽ 12 തവണ ഇതാവർത്തിച്ചു. ആ അമ്മയുടെ ശുഭചിന്തയും ലൂയി പാസ്റ്ററിന്റെ നിശ്ചയദാർഡ്യവും തെറ്റിയില്ല. ജോസഫ് മെയ്സ്റ്ററിന്റെ ശരീരത്തെ കീഴടക്കാൻ പേവിഷ വൈറസിന് കഴിഞ്ഞില്ല. മാസങ്ങൾക്ക് ശേഷം ടെസ്റ്റ് നടത്തിയപ്പോൾ ജോസഫ് മെയ്സ്റ്റർ പൂർണ്ണാരോഗ്യവനായിരുന്നു.
1885 ,ജൂലൈ 6 ന് ലൂയി പാസ്റ്റർ നടത്തിയ ഈ മഹത്തായ വാക്സിൻ പരീക്ഷണത്തിന്റെയും പേവിഷബാധക്ക് മേൽ നേടിയ വിജയത്തിന്റെയും ഓർമപുതുക്കലാണ് ജൂലൈ 6 – ലെ ജന്തുജന്യരോഗ ദിനം
ഏകദേശം 150ൽപ്പരം രോഗങ്ങൾ ജന്തുജന്യ രോഗങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ട്. ബോധവൽക്കരണത്തിലൂടെ ഭൂഖണ്ഡത്തെ മുഴുവനും വരുംകാലങ്ങളിൽ ഇത്തരം മാനവരാശിക്ക് ഭീഷണി ഉയർത്തിയേക്കാവുന്ന ജന്തുജന്യ രോഗങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെയാണ് ജന്തുജന്യ രോഗങ്ങൾ അഥവാ സൂണോട്ടിക് രോഗങ്ങൾ എന്നറിയപ്പെടുന്നത്. മൃഗങ്ങളുമായി നേരിട്ടുള്ള സമ്പർക്കം, രോഗവാഹകരായ മൃഗങ്ങൾ, പരാദങ്ങൾ, ആഹാര പദാർഥങ്ങൾ ഇവ എല്ലാം രോഗം പകർത്തും. പേ വിഷബാധ, എബോള , പക്ഷിപ്പനി, നിപ്പാ, ആന്ത്രാക്സ്, പന്നിപനി സാൽമണെല്ലോസിസ് എന്നിവ എല്ലാം ഈ ഗണത്തിൽ പെടുന്നു.
ഇനിയും ഉണ്ടായേക്കാവുന്ന പല മഹാമാരികളും ജന്തുജന്യ രോഗങ്ങൾ തന്നെ ആവാം. കോവിഡ് 19 ഇതിന് ഒരു ഉദാഹരണമാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്കും മനുഷ്യനിൽ നിന്നും മനുഷ്യരിലേക്കും പകർന്ന് ഒരു മഹാമാരിയായി മാറിയത് ഇത്തരുണത്തിൽ ആണ്. ഇപ്രകാരമുള്ള രോഗ പകർച്ച വളരെ പെട്ടെന്ന് ആയത് കൊണ്ട് തന്നെ ജനങ്ങളെ ബോധവൽക്കരിക്കേണ്ടതിന്റെ പ്രാധാന്യം വളരെ ഏറെയാണ്. മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും രോഗങ്ങൾ പകരുണ്ട്. ഇവയെ റിവേഴ്സ് സൂണോസിസ് അഥവാ ആൻത്രോപോണോസിസ് എന്നുപറയുന്നു. ക്ഷയരോഗം ഇതിനുദാഹരണമാണ്. CDC (സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ) രേഖകൾ അനുസരിച്ച് പുതുതായി തിരിച്ചറിയുന്ന 75% രോഗങ്ങളും ജന്തുജന്യ രോഗങ്ങൾ തന്നെ. വളരെ കൂടുതൽ ആളുകൾ ഓമന മൃഗങ്ങളായും ജീവനോപാധികൾ ആയും മൃഗങ്ങളെ പരിപാലിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്യുന്നതുമൂലം ജന്തുജന്യ രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളി കളും ഭീഷണിയും നിസ്സാരമല്ല.
ജന്തുജന്യ രോഗങ്ങളെ തടയാമോ എന്ന ചോദ്യത്തിന് രണ്ടുത്തരങ്ങൾ ഉണ്ട്. അതേ എന്നും ഇല്ലാ എന്നും. ഉത്തരം അതേ എന്നാണെങ്കിൽ മൃഗപരിപാലനത്തിൽ ഏറെ ശ്രദ്ധിക്കണം എന്നാണർഥം. മൃഗങ്ങളെ കൈകാര്യം ചെയ്തതിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക, ഓമന / വളർത്തുമൃഗങ്ങളെ വൃത്തിയായി സംരക്ഷിക്കുക, ചെള്ള്, പേൻ, പട്ടുണ്ണി തുടങ്ങിയ ബാഹ്യപരാദങ്ങളിൽ നിന്നുമുള്ള കടിയിൽ നിന്നും രക്ഷാ മാർഗങ്ങൾ ഉപയോഗിക്കുക, മനുഷ്യരുടെ ഭക്ഷണപദാർഥങ്ങൾ അടച്ച് ഭദ്രമായി സൂക്ഷിക്കുക, എലി, പെരുച്ചാഴി, മറ്റു മൃഗങ്ങൾ എന്നിവയ്ക്ക് നമ്മുടെ ഭക്ഷണപദാർത്ഥങ്ങളുമായി സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കുക, മൃഗങ്ങളുമായി ഒരേ പാത്രത്തിൽ നിന്നും ആഹാരം പങ്കുവയ്ക്കാതിരിക്കുക, വളർത്തുമൃഗങ്ങളുടെ തീറ്റപ്പാത്രങ്ങൾ വെള്ളപ്പാത്രങ്ങൾ എന്നിവ കഴുകി വൃത്തിയായി ഉപയോഗിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.
ഉത്തരം നോ അഥവാ ഇല്ലാ എന്നാണെങ്കിൽ മാംസം ഭക്ഷിക്കുന്നതും കശാപ്പ് നടത്തുന്നതും ശ്രദ്ധയോടെ വേണം എന്ന് പറയാതെ വയ്യ.
മൃഗാരോഗ്യവും മനുഷ്യാരോഗ്യവും
മൃഗാരോഗ്യവും മനുഷ്യാരോഗ്യവും പരസ്പര ബന്ധമുള്ളതുകൊണ്ട് ഏകലോകം ഏകാരോഗ്യം എന്ന സിദ്ധാന്തത്തിന് വളരെ പ്രസക്തിയുണ്ട്. ഇന്ന് ലോകത്ത് രണ്ട് ചേരികളിലുള്ള ജനങ്ങൾ മാത്രമേ ഉള്ളു. കോവിഡ് ബാധിതരും അല്ലാത്തവരും. ഇത് നമ്മെ പഠിപ്പിക്കുന്നത് ഇനിയും വരാനിരിക്കുന്ന മഹാമാരികൾ പലതും ജന്തുജന്യ രോഗങ്ങൾ ആവാം എന്നുള്ളതാണ്. മനുഷ്യനും മൃഗങ്ങളും പക്ഷികളും കാലാവസ്ഥയും സൂക്ഷ്മാണുക്കളും തമ്മിലുള്ള സമഗ്ര പഠനത്തിന്റെ സമന്വയ ശാസ്ത്രമാണ് ഏകാരോഗ്യം. അറിവിനെ സമരായുധമാക്കി മാറ്റുക എന്നുള്ളത് വഴി ഇത്തരം ജന്തുജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ മാനവരാശിക്ക് കഴിയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ