-->

ബഷീർ എന്ന വിസ്മയം - വൈക്കം മ‍ുഹമ്മദ് ബഷീർ ചരമദിനം- July 5

മലയാള സാഹിത്യത്തിലെ ഏറ്റവും വായിക്കപ്പെട്ട എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ.ഏറ്റവും വിലപ്പെട്ട എഴുത്തുകാരനാണ് നമുക്ക് ബഷീർ.മലയാള ഭാഷയേയും മലയാള ഭാവനയേയും ലോക നിലവാരത്തിലേക്ക് ഉയർത്തിയ അദ്ദേഹം എഴുത്തിലെ അത്ഭുത പ്രതിഭയും അപൂർവ്വ പ്രതിഭാസവുമാണ്. സരള മനോഹരമായ ഭാഷയിൽ സാധാരണ മനുഷ്യൻ്റ വേദനകളും വേദാന്തങ്ങളും സന്തോഷങ്ങളും സന്താപങ്ങളും അദ്ദേഹം ആവിഷ്ക്കരിച്ചു.

 ജൻമദിനം എന്ന കഥയിൽ പിറന്നാൾ ദിവസം പട്ടിണി കിടക്കേണ്ടി വന്ന വേദനയാണ് പങ്ക് വെയ്ക്കുന്നതെങ്കിൽ അനർഘ നിമിഷത്തിൽ ജീവിതത്തിൻ്റെ വേദാന്തത്തെയും പൊരുളിനെയുമാണ് പകർത്തുന്നത്. ചിരിയും തമാശയും എഴുത്തിൽ എപ്പോഴും അദ്ദേഹം ചേർത്ത് നിർത്തി.നർമ്മം തുളുമ്പുന്ന ഭാഷയ്ക്കുള്ളിൽ പക്ഷേ മർമ്മ സ്പർശിയായ സങ്കടങ്ങളുണ്ട്. ബഷീറിന് ചുറ്റും എപ്പോഴും സുഹൃത്തുക്കളും സർന്ദർശകരുമുണ്ടായിരുന്നു. അവരെ സന്തോഷിപ്പിക്കാൻ അദ്ദേഹം പല തമാശകളും പറയും. അതിനെപ്പറ്റി അനർഘ നിമിഷത്തിൽ സൂചിപ്പിക്കുന്നുണ്ട്- എൻ്റെ ചിരിക്കകത്തെ ദു:ഖത്തിൻ്റെ മുഴക്കം അവർ കേൾക്കുന്നില്ല.- എന്ന്.അദ്ദേഹത്തിൻ്റെ നർമ്മത്തിനകത്ത് വ്യക്തിയുടെയും സമൂഹത്തിൻ്റെയും വലിയ സങ്കടങ്ങളുണ്ടായിരുന്നു. - ആരാണ് എൻ്റെ കാൽപാടുകൾ മായ്ചു കളയുന്നത് എന്നും നൻമ ചെയ്യുന്നവർക്ക് എന്താണ് നൻമ തിരിച്ചു കിട്ടാത്തത് എന്നും ബഷീർ എപ്പോഴും ചോദിച്ചു കൊണ്ടിരുന്നു.എന്നാൽ ബഷീർ വേദനകളെയും സഹനങ്ങളെയും ഒക്കെ സ്നേഹമാക്കി മാറ്റിയ എഴുത്തുകാരനാണ്. തൻ്റെ ഹൃദയത്തിൽ തറഞ്ഞ മുള്ളുകളെ സുഗന്ധമുള്ള പൂക്കളാക്കി മാറ്റി- മഹത്തായ സാഹിത്യകൃതികളാക്കി മാറ്റി. പ്രതിസന്ധികളിലും പ്രത്യാശയുടെ വെളിച്ചം കാത്തുസൂക്ഷിച്ചു.ഈ വെളിച്ചത്തിനെന്ത് വെളിച്ചം എന്ന് എപ്പോഴും പറഞ്ഞു. പേനയിൽ ശുഭാപ്തി വിശ്വാസത്തിൻ്റെ മഷി നിറച്ച് ജീവിതം ഒരനുഗ്രഹമാണ് എന്ന് ആവർത്തിച്ചു പറഞ്ഞു. ദുരിതം അനുഭവിക്കുന്നവർക്ക് പ്രതീക്ഷയല്ലാതെ മറ്റൊരു മരുന്നില്ലെന്ന് തുറന്ന് പറഞ്ഞു. ഏത് പ്രായക്കാരും ഏത് തരക്കാരും വായിച്ച് രസിച്ച പാത്തുമ്മയുടെ ആട് എന്ന നോവലിൽ ഈ പ്രത്യാശ മിന്നുന്നുണ്ട്, മേയുന്നുണ്ട്. ആടിൽ പ്രതീക്ഷയർപ്പിച്ച് ജീവിക്കുന്ന പാത്തുമ്മയെയും മക്കളെയും നമ്മൾ ഇവിടെ കാണുന്നു. പാത്തുമ്മയെ മാത്രമല്ല വായനക്കാരേയും സ്വപ്നം കാണാൻ പഠിപ്പിക്കുന്നു ഈ നോവൽ.ഒരു മനുഷ്യൻ എന്ന കഥയിൽ - ഏത് ഭയങ്കരനായ മോഷ്ടാവിൻ്റെ ഉള്ളിലും മനുഷ്യത്വമുള്ള ഒരു മനസ്സുണ്ടാവാമെന്ന ശുഭ ചിന്ത ബഷീർ ഉൾചേർത്തിരിക്കുന്നു. മനുഷ്യനിൽ വിശ്വസിക്കുമ്പോൾ തന്നെ മനുഷ്യരുടെ പൊങ്ങച്ചങ്ങളെയും പൊള്ളത്തരങ്ങളെയും പരിഹസിക്കാനും ബഷീറിന് മടിയില്ല. പഴയ പ്രതാപവും പ്രമാണിത്തവുമായി ഞെളിഞ്ഞ് നടന്ന് സ്വയം നശിക്കുന്ന യാഥാസ്ഥിതിക കുടുംബത്തിൻ്റെ കഥയാണ് ൻ്റുപ്പുപ്പാക്കൊരനേണ്ടാർന്ന് എന്ന കൃതി. അനുഭവ സമ്പത്താണ് ബഷീറിൻ്റെ എഴുത്തിൻ്റെ ഏറ്റവും വലിയ കരുത്തും കാതലും. നമ്മുടെ രാജ്യത്തിൻ്റെ നാനാഭാഗങ്ങളിലും അദ്ദേഹം അലഞ്ഞിട്ടുണ്ട്. ജീവിതത്തിൽ പല വേഷങ്ങളും കെട്ടിയിട്ടുണ്ട്- പല തൊഴിലുകളും ചെയ്തിട്ടുണ്ട് - ജീവിത പാoങ്ങളുടെ വലിയ ലോകം - അനുഭവങ്ങളുടെ ഒരു വൻകര തന്നെ അദ്ദേഹം സ്വന്തമാക്കി.ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽ വാസമനുഷ്ഠിച്ചു, മഹാത്മാഗാന്ധിയെയും ഭഗത് സിംഗിനെയും ആരാധിച്ചു. തൻ്റെ ജയിലനുഭവമാണ് ഒരു പക്ഷേ മതിലുകൾ എന്ന മഹത്തായ കൃതി എഴുതാൻ പ്രേരണയായത്.ആളെ കാണാതെ തന്നെ ശബ്ദത്തിലൂടെ മാത്രം അനശ്വരമായ സ്നേഹ ബന്ധം സൃഷ്ടിക്കാമെന്ന് ഈ പുസ്തകത്തിലൂടെ ബഷീർ തെളിയിച്ചു .ഉള്ളിൽ സ്നേഹമുണ്ടെങ്കിൽ പുറത്തെ ഏത് അസ്വാതന്ത്ര്യത്തെയും സ്വാതന്ത്ര്യമാക്കി മാറ്റാമെന്ന വലിയ ആശയമായിരുന്നു ആ കൃതി നമ്മളോട് പറഞ്ഞത്. സ്നേഹ ദാരിദ്ര്യം കൊണ്ട് വീട് പോലും ജയിലായി മാറിപ്പോകുമ്പോൾ ബഷീർ ജയിലിനെപ്പോലും സ്നേഹത്തിൻ്റെ പൂങ്കാവനമാക്കി മാറ്റുകയാണ്. മനുഷ്യ വിരുദ്ധമായ എല്ലാ മതിലുകൾക്കുമപ്പുറമാണ് ഹൃദയബന്ധമെന്ന് സാറാമ്മയുടെയും കേശവൻ നായരുടെയും കഥ പറയുന്ന പ്രേമലേഖനത്തിൽ ബഷീർ വെളിപ്പെടുത്തുന്നു.സമൂഹം സൃഷ്ടിച്ചവേലിക്കെട്ടുകളെ മറികടക്കുന്ന ആന്തര സ്നേഹത്തിൻ്റെ യൗവ്വന തീക്ഷ്ണതയാണ് വാസ്തവത്തിൽ പ്രേമലേഖനം എന്ന പുസ്തകം. വിശപ്പറിഞ്ഞും വിയർപ്പണിഞ്ഞും സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും ജീവിതത്തെ സുഗന്ധമുള്ളതാക്കി മാറ്റുന്ന എത്രയോ കഥാപാത്രങ്ങളെ തൻ്റെ അനുഭവ പരിസരത്തിൽ നിന്ന് ബഷീർ സൃഷ്ടിച്ചു. മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ആ കഥാപാത്രങ്ങളെ ജീവിതത്തിൻ്റെ ഓരോ സന്ദർഭങ്ങളിലും നമ്മൾ ഓർത്തുകൊണ്ടേയിരിക്കുന്നു. ആനവാരി രാമൻ നായർ ,എട്ടുകാലി മമ്മൂഞ്ഞ്, പൊൻകുരിശ് തോമ, മണ്ടൻ മുത്തപ്പാ, ഒറ്റക്കണ്ണൻപോക്കർ ,പാത്തുമ്മ, സൈനബ, നിസാർ അഹമ്മദ്, മജീദ്, സുഹറ, നാരായണി ,കേശവൻ നായർ, സാറാമ്മ - അങ്ങനെ എത്രയോ കഥാപാത്രങ്ങൾ. കഥയാണോ ജീവിതമാണോ എന്ന് അമ്പരന്നു പോകുന്ന കഥാമുഹൂർത്തങ്ങൾ. ഇങ്ങനെ വൈവിധ്യമാർന്ന  മനുഷ്യ കഥാപാത്രങ്ങളെ പോലെ തന്നെ പ്രകൃതിയും അതിലെ അസംഖ്യം ജീവജാലങ്ങളും ബഷീർ കൃതികളിൽ സജീവമായി നിൽക്കുന്നുണ്ട്.
പുഴുവിനും പുല്ലിനും പൂമ്പാറ്റയ്ക്കും വവ്വാലിനും മാനിനും മീനിനും കാക്കയ്ക്കും പൂച്ചയ്ക്കും പാമ്പിനും കീരിക്കും കുറുക്കും കുരങ്ങനുമെല്ലാം ബഷീർ തൻ്റെ സർഗ്ഗാത്മക മണ്ണിൽ ഇടം കൊടുത്തു. ഭൂമിയുടെ അവകാശികളും തേൻമാവും നമ്മൾ വായിക്കുമ്പോൾ നാമറിയാതെ പാരിസ്ഥിതിക വിവേകത്തിൻ്റെ സൗന്ദര്യബോധത്തിലേക്ക് എത്തിച്ചേരുന്നു. ആടിനെ അജസുന്ദരി എന്ന് വിളിക്കുന്ന ബഷീർ  , തേൻമാവിനെ സ്നേഹിക്കുന്ന റഷീദിനെയും അസ്മയേയും നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. ഈ കഥകളൊക്കെ വായിക്കുന്ന തലമുറകൾ പ്രകൃതി സ്ഹേത്തിൻ്റെ പച്ചയും പടർപ്പും ഉള്ളിൽ തെഴുക്കുന്നവരാകുമെന്നറപ്പാണ്. മാന്ത്രികപ്പൂച്ച, പാത്തുമ്മയുടെ ആട്, തേൻമാവ്, സർപ്പയജ്ഞം തുടങ്ങിയ തൻ്റെ കൃതികളുടെ ശീർഷകങ്ങളിൽ തന്നെ ബഷീർ ജീവജാലങ്ങളെ ചേർത്ത് പിടിച്ചു. മനുഷ്യനും സർവ്വജീവജാലങ്ങളും പ്രപഞ്ച ചൈതന്യമായ ഒന്നിൻ്റെ തന്നെ അംശമാണെന്ന മഹത്തായ ദർശനമാണ് ബഷീർ ബോധ്യപ്പെടുത്തിയത്.രണ്ട് ചെറിയ പുഴകൾ ചേർന്ന് വലിയൊരു പുഴയാകുന്ന അനുഭവ സത്യത്തെ നിരീക്ഷിച്ച ബഷീർ, അനേകം ജീവിതങ്ങൾ ചേർന്ന് വിസ്തൃതമായ ഒഴുക്കായി മഹത്തായ ജീവിതം മാറണമെന്ന് ആഗ്രഹിച്ചു.അതിന് വേണ്ടി പറയുകയും എഴുതുകയും ചെയ്തു. അതു കൊണ്ടാണ് ഒന്നും ഒന്നും കൂട്ടുമ്പോൾ ഇമ്മിണി ബല്യ ഒന്നാകും എന്ന ഗണിത ശാസ്ത്രത്തിനപ്പുറമുള്ള വിസ്മയം നിറഞ്ഞ ജീവൻ്റ കണക്കുകൂട്ടലുകൾ അദ്ദേഹം മുമ്പേ അതരിപ്പിച്ചത് - ഞാനും നീയും ചേർന്ന് - നിങ്ങളും ഞങ്ങളും ചേർന്ന് രണ്ടാവുകയല്ല,നമ്മൾ എന്ന സുന്ദരമായ വലിയ ഒന്നാവുകയാണ് വേണ്ടതെന്ന് ബഷീർ സ്വപ്നം കണ്ടു. ആ മഹത്തായ കിനാവിൻ്റ പേരാണ് ബഷീർ കൃതികൾ.

കഥ പറഞ്ഞ് കഥ പറഞ്ഞ് വലിയൊരു കഥയായി വായനാക്കാരുടെ മനസിൽ ഇപ്പോഴും വളർന്നു കൊണ്ടേയിരിക്കുന്ന അനശ്വര കഥാബീജമാണ് ബഷീർ. വായന തുടങ്ങുന്നവരേയും വായന തുടരുന്നവരേയും ഒരേ പോലെ ആകർഷിക്കുന്ന ക്ലാസിക്ക് സ്വഭാവമുള്ള എഴുത്തുകാരനാണ്.സാധാരണ ജീവിതത്തിലെ സാധാരണ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിക്കുന്ന വിസ്മയമാണ് ബഷീർ.മാനകഭാഷയോടൊപ്പം തന്നെ നാട്ടുഭാഷയ്ക്കും അപൂർവ്വ ചാരുത നൽകി സാഹിത്യ ഭാഷയെ നവീകരിച്ച മൗലിക പ്രതിഭയാണ്.

 തൻ്റെയും മനുഷ്യവംശത്തിൻ്റെയും കിനാവിലും കണ്ണീരിലും അക്ഷരങ്ങളുടെ സൂര്യവെളിച്ചം പ്രസരിപ്പിച്ച് സർഗ്ഗാത്മകതയുടെ മഴവില്ല് തീർത്ത പ്രതിഭാസമാണ് ബഷീർ.ശബ്ദമില്ലാത്തവർക്ക് ശബ്ദങ്ങൾ നൽകിയും ജീവിതത്തിലെ അഭിശപ്ത നിമിഷങ്ങൾക്ക് അനർഘ നിമിഷത്തിൻ്റെ ഭംഗി നൽകിയും വിസ്മയിപ്പിച്ച എഴുത്തിൻ്റെ മാന്ത്രികനാണ്. മതിലുകൾക്കും സ്ഥലത്തെ പ്രധാന ദിവ്യൻമാർക്കുമപ്പുറം നേരും നുണയും ചികഞ്ഞ് സത്യത്തിൻ്റെ അനുഭവകഥ സരളമധുരമായി പറഞ്ഞ കഥയുടെ മുത്തച്ഛനാണ് ബഷീർ.മരണത്തിൻ്റെ നിഴൽ ഭയപ്പെടാതെ ഓർമ്മയുടെ അറകൾ തുറന്ന് തൻ്റെ ചുറ്റുമുള്ളവരെ കഥാപാത്രങ്ങളുടെ പദവി നൽകി വിശ്വവിഖ്യാതരാക്കി മാറ്റിയ എഴുത്തിൻ്റെ സുൽത്താനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ.    

  -ഡോ.സോമൻ കടലൂർ

അഭിപ്രായങ്ങളൊന്നുമില്ല: