-->

മാഡം ക്യൂറി ചരമദിനം- JuLy 4

 ലോകമെങ്ങുമുള്ള വനിതാ ശാസ്ത്രജ്ഞര്‍ക്ക് എക്കാലത്തും പ്രചോദനവും ശാസ്ത്രത്തിനുവേണ്ടിഎല്ലാ അര്‍ഥത്തിലും ജീവിതം ഉഴിഞ്ഞുവെച്ച മഹതിയുമായിരുന്നു മേരി ക്യൂറിയെന്നും കൂട്ടുകാര്‍ക്ക് അറിയാമല്ലോ?

പ്രകൃതിയുടെ പുത്തന്‍കാഴ്ചകള്‍ കണ്ടപ്പോഴെല്ലാം എന്‍െറ മനസ്സ് ഒരു ശിശുവിനെപ്പോലെ തുള്ളിച്ചാടുകയായിരുന്നു. പ്രകൃതിയെ സ്നേഹിച്ച ഒരു നിഷ്കളങ്കയായ ശിശുവിന്‍െറ പരിശുദ്ധിയോടെ അവളുടെ മടിത്തട്ടില്‍ ഓടിക്കളിച്ച് മറ്റാരും കാണാത്ത അതുല്യപ്രതിഭാസങ്ങള്‍ കണ്ടെത്തിയ അപൂര്‍വ പ്രതിഭാശാലിയായിരുന്നു മന്യ എന്ന ഓമനപ്പേരുള്ള മറിയ സലോമിയ സ്ക്ളോഡോവ്സ്ക. പില്‍ക്കാലത്ത് വിശ്വവിഖ്യാതയായ മേരി ക്യൂറി (മാഡം ക്യൂറി) എന്ന ശാസ്ത്രജ്ഞയായി അവള്‍ മാറി. ലോകത്തില്‍ ആദ്യവും ഒരുപക്ഷേ, അവസാനവുമായി രണ്ടുശാസ്ത്രവിഷയങ്ങള്‍ക്ക് നോബേല്‍ സമ്മാനം നേടിയ വനിതയാണവര്‍.


റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയുടെ ഭരണ പ്രദേശമായിരുന്ന പോളണ്ടിലെ വാഴ്സയില്‍ 1867 നവംബര്‍ ഏഴിനാണ് മേരി ജനിച്ചത്. അധ്യാപക ദമ്പതികളായ വ്ളാഡിസ്ളാവ് സ്കോഡോവ്സ്കയുടെയും വ്ളാഡിസ്ളാവിന്‍െറയും അഞ്ചു മക്കളില്‍ ഇളയവളായിരുന്നു മേരി. പഠിച്ച് ഉയരങ്ങളില്‍ എത്തണമെന്നായിരുന്നു മേരിയുടെയും മൂത്ത ചേച്ചിയായ ബ്രോണിയുടെയും ആഗ്രഹം. എന്നാല്‍, കുടുംബത്തിന്‍െറ സാമ്പത്തികസ്ഥിതി ഇതിന് തടസ്സമായിരുന്നു. തന്നെയുമല്ല, അന്ന് പോളണ്ടില്‍ പെണ്‍കുട്ടികള്‍ക്ക് ഉപരിപഠനവും ഗവേഷകപഠനവും നിഷിദ്ധമായിരുന്നു. എന്നാല്‍, മേരിയുടെ നിശ്ചയദാര്‍ഢ്യവും പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹവും എല്ലാ പരിമിതികളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഒട്ടനവധി നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സഹായിച്ചു.


ദുരിതങ്ങള്‍നിറഞ്ഞ ബാല്യമായിരുന്നു മേരിക്ക് താങ്ങേണ്ടിവന്നത്. മേരിക്ക് 12 വയസ്സുള്ളപ്പോള്‍ അമ്മയും രണ്ടുവര്‍ഷം കഴിഞ്ഞ് മൂത്ത സഹോദരി സോഫിയയും ക്ഷയരോഗംമൂലം മരിച്ചു. തുച്ഛവരുമാനം മാത്രമുള്ള കുടുംബം ജീവിക്കാന്‍ ഏറെ പണിപ്പെട്ടു. അന്നും പഠിക്കാനുള്ള അദമ്യമായ അഭിലാഷം പിതാവ് മേരിയില്‍ കണ്ടിരുന്നു. 16ാമത്തെ വയസ്സില്‍ സ്വര്‍ണമെഡല്‍ നേടി അവള്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഫിസിക്സ് അധ്യാപകനായ തന്‍െറ പിതാവിന്‍െറ കണ്ണാടി അലമാരയിലെ പരീക്ഷണ ഉപകരണങ്ങള്‍ അവളെ ഒത്തിരി സ്വാധീനിച്ചു. അച്ഛനൊപ്പം പല രാസപരീക്ഷണങ്ങളിലും അവള്‍ പങ്കാളിയായി. ചേച്ചി ബ്രോണി പാരിസില്‍ മെഡിസിന്‍ പഠിക്കാന്‍ പോയി. പോളണ്ടിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടിയതിന്‍െറപേരില്‍ മേരിയുടെ പിതാവിന് ജോലി നഷ്ടമായി. ആയയായും വീട്ടുജോലിക്കാരിയായും ട്യൂഷന്‍ ടീച്ചറായുമൊക്കെ ജോലിചെയ്തു. അങ്ങനെ നാലുവര്‍ഷം കഷ്ടപ്പെട്ട് പണിയെടുത്ത് ചേച്ചിക്ക് പണമയച്ചു. അതിനിടെ, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. അന്നാട്ടില്‍ അക്കാലത്ത് നിരോധിക്കപ്പെട്ടിരുന്ന പോളിഷ് ഭാഷ പ്രചരിപ്പിച്ചു. സ്വാതന്ത്ര്യസമരത്തിനായി ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. രഹസ്യമായി നടത്തിയിരുന്ന ‘ഫ്ളെയിങ് സര്‍വകലാശാല’യില്‍ മേരി പഠനവും നടത്തി. അണ്ടര്‍ ഗ്രൗണ്ട് കോളജ് പഠനത്തിലൂടെ ഡിഗ്രിയും നേടി.


1894ല്‍ സോര്‍ബോ സര്‍വകലാശാലയിലെ പഠനകാലത്താണ് പിയറിയെ പരിചയപ്പെടുന്നത്. പിസോഇലക്ട്രിക് പ്രഭാവത്തിന്‍െറ കണ്ടുപിടിത്തത്തോടെ ശാസ്ത്രലോകത്ത് പ്രശസ്തനായിരുന്നു അദ്ദേഹം. മേരി തന്‍െറ കൊച്ചുപരീക്ഷണശാലയില്‍ പരീക്ഷണങ്ങളുമായി കഴിയവേ, 1895 ജൂലൈയില്‍ പിയറി ക്യൂറി മേരിയെ വിവാഹംകഴിച്ചു. വിവാഹശേഷം പിയറിയും ഗവേഷണത്തില്‍ പങ്കുചേര്‍ന്നു. കൈക്കുഞ്ഞിനെ എടുത്തുകൊണ്ട് മേരി രാപ്പകല്‍ ഗവേഷണം നടത്തി. 1896ല്‍ തികച്ചും യാദൃച്ഛികമായാണ് ഹെന്‍റിബെക്വറല്‍ (മേരിയുടെ ഗൈഡ്) യുറേനിയം ധാതുവായ പിച്ച്ടെന്‍ഡില്‍നിന്നുള്ള വികിരണങ്ങളെക്കുറിച്ചുള്ള കണ്ടെത്തല്‍ നടത്തിയത്. ഇതില്‍ ആകൃഷ്ടയായ ക്യൂറിമാര്‍ ഈ പ്രതിഭാസത്തിന് ‘റേഡിയോ ആക്ടിവിറ്റി’ എന്ന പേരുനല്‍കി. പിച്ച്ടെന്‍ഡില്‍ യുറേനിയത്തെ കൂടാതെ വേറെയും റേഡിയോ ആക്ടിവ് മൂലകങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കിയ ക്യൂറിമാര്‍ അത് കണ്ടെത്താനുള്ള ശ്രമമാരംഭിച്ചു. അക്ഷീണമായ പരിശ്രമത്തിന്‍െറ ഫലമായി 1898ല്‍ പുതിയൊരു മൂലകത്തെ പിച്ച്ടെന്‍ഡില്‍നിന്ന് അവര്‍ കണ്ടെത്തി. മേരിക്യൂറി തന്‍െറ ജന്മനാടിന്‍െറ നാമം ചേര്‍ത്ത് ‘പൊളോണിയം’ എന്ന പേരുനല്‍കി.


ലോകത്തില്‍ ആദ്യവും ഒരുപക്ഷേ, അവസാനവുമായി രണ്ടു ശാസ്ത്രവിഷയങ്ങള്‍ക്ക് നൊബേല്‍ സമ്മാനം നേടിയ വനിതയാണ് മാഡം ക്യൂറി. 1903ല്‍ ഫിസിക്സിനുള്ള നൊബേല്‍ സമ്മാനം മേരിയും ഭര്‍ത്താവ് പിയറിയും മേരിയുടെ ഗൈഡ് ഹെന്‍റി ബെക്വറലും പങ്കുവെച്ചു. 1911ല്‍ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മാഡം ക്യൂറിയെ തേടിയെത്തി. റേഡിയത്തിന്‍െറ കണ്ടുപിടിത്തത്തിനാണ് നൊബേല്‍ സമ്മാനം ലഭിച്ചത്. ഇവിടംകൊണ്ടുംതീരുന്നില്ല ക്യൂറികുടുംബത്തിലെ നൊബേല്‍ വിശേഷങ്ങള്‍. ക്യൂറിയുടെ മൂത്തമകളായ ഐറിന്‍ ജൂലിയോ ക്യൂറിയും ഐറിന്‍െറ ഭര്‍ത്താവ് ഫ്രെഡറിക് ജൂലിയോ ക്യൂറിയുമാണ് 1935ല്‍ രസതന്ത്ര നൊബേലിന് അര്‍ഹരായത്. പുതിയ റേഡിയോ ആക്ടിവ് മൂലകങ്ങളുടെ സംയോജിപ്പിക്കലിനാണ് അവര്‍ക്ക് നൊബേല്‍ പുരസ്കാരം നല്‍കിയത്. ഒട്ടനവധി പുരസ്കാരങ്ങളും ബഹുമതികളും പിന്നീട്മേരിക്ക് ലഭിക്കുകയുണ്ടായി.


റേഡിയോ ആക്ടിവ് മൂലകങ്ങള്‍ ഉപയോഗിച്ച് അര്‍ബുദചികിത്സ നടത്തുന്നതു സംബന്ധിച്ച ആദ്യപരീക്ഷണങ്ങള്‍ നടത്തിയതും മാഡം ക്യൂറിയാണ്. പാരിസിലെ ക്യൂറി ഇന്‍സ്റ്റിറ്റ്യൂട്ടും വാഴ്സയിലെ ക്യൂറി ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചതും മേരിക്യൂറി തന്നെ. ഒന്നാം ലോകയുദ്ധകാലത്ത് സൈനിക ആവശ്യങ്ങള്‍ക്കുവേണ്ടി ‘റേഡിയോളജി’സംവിധാനം യുദ്ധമുഖത്ത് ഉപയോഗിക്കാനും ക്യൂറി സജ്ജമാക്കി


അര്‍ബുദം രോഗത്തിനുള്ള ചികിത്സയില്‍ നിര്‍ണ്ണായകമായ റേഡിയോ ആക്ടീവ് മൂലകമായ റേഡിയം കണ്ടുപിച്ച മേരി ക്യൂറി പരീക്ഷണങ്ങളുടെ ഭാഗമായി വര്‍ഷങ്ങളോളം റേഡിയേഷന്‍ ഏറ്റതുമൂലമുണ്ടായ അപ്ലാസ്റ്റിക് അനീമിയ മൂലമാണ് 1934 ജൂലൈ 04 നാണ് മേരി ക്യൂറി ലോകത്തോട് വിട പറഞ്ഞത്..

അഭിപ്രായങ്ങളൊന്നുമില്ല: