ജൂൺ 3 നാണ് ലോക സൈക്കിൾ ദിനമായി ആചരിക്കുന്നത്. സൈക്കിൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യവും ഗുണങ്ങളും ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്കിൾ ദിനം ആചരിക്കുന്നത്. മലിനീകരണം ഒട്ടും സൃഷ്ടിക്കാത്ത വാഹനമാണ് സൈക്കിൾ. അതിനാൽ തന്നെ ആരോഗ്യ സംരക്ഷണം എന്നതുപോലെ പ്രകൃതി സൗഹൃദവുമാണ് സൈക്കിൾ.
ഇരുചക്ര വാഹനമായ സൈക്കിളിന്റെ വിവിധ തരത്തിലുള്ള ഉപയോഗം, ദീർഘ നാളത്തെ ഈട് നിൽക്കൽ, മറ്റ് സവിശേഷതകൾ എന്നിവ കണക്കിലെടുത്ത് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയാണ് ജൂൺ 3ന് ലോക സൈക്കിൾ ദിനമായി പ്രഖ്യാപിച്ചത്. കുറഞ്ഞ വിലയിൽ ലഭിക്കുന്നതും പരിസ്ഥിതിക്ക് അനുയോജ്യവുമായ സൈക്കിൾ സുസ്ഥിര ഗതാഗത മാർഗമാണെന്നും ഐക്യരാഷ്ട്രസഭ വിലയിരുത്തിയിരുന്നു. സൈക്കിൾ ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങൾ ഊന്നിപ്പറയാൻ ഈ ദിവസം ഉപയോഗിക്കണം എന്നാണ് ഐക്യരാഷട്ര സഭ ആവശ്യപ്പെടുത്.
സൈക്കിൾ ഉപയോഗിക്കുന്നത് വ്യക്തികളുടെ ആരോഗ്യം സംരക്ഷണത്തിന് ഏറെ ഉപകാരപ്രദമാണ്. ഫിറ്റ്നസ് നിലനിർത്തുക എന്ന ലക്ഷ്യത്തോടെ സൈക്ലിംഗ് നടത്തുന്ന ധാരാളം പേരുണ്ട്. കൂടുതൽ കാലം ഉപയോഗിക്കാനാകും എന്നതാണ് സൈക്കിളിൻ്റെ മറ്റൊരു സവിശേഷത.
സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സൈക്കിൾ ഉപയോഗത്തിന് വലിയ പ്രധാന്യം ഉണ്ട്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി കുട്ടികളുടെയും യുവാക്കളുടെയും എല്ലാം ഇഷ്ട വാഹനമാണിത്. സൈക്കിളുകൾ സ്വന്തമാക്കാൻ വലിയ വില കൊടുക്കേണ്ടതില്ല എന്നതിനാൽ സമൂഹത്തിലെ എല്ലാർക്കും ഉപയോഗിക്കാൻ സാധിക്കുന്നു. പണക്കാരനോ പാവപ്പെട്ടവനോ എന്ന വ്യത്യസമില്ലാതെ സൈക്കിൾ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.
നിരവധി ആരോഗ്യപ്രശ്നങ്ങൾ സ്ഥിരമായി സൈക്കിൾ ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാക്കാം എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സമ്മർദം കുറക്കൽ, ഹൃദയാരോഗ്യം, പേശികളെ ബലപ്പെടുത്തൽ, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറക്കൽ തുടങ്ങി നിരവധി ഗുണങ്ങളാണ് സൈക്ലിംഗ് നൽകുന്നത്.
ആഗോള താപനം ഉൾപ്പടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ സൈക്ലിംഗ് ശീലമാക്കേണ്ടതുണ്ട് . സൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കാൻ വിവിധ രാജ്യങ്ങളിലെ സർക്കാരുകളും ശ്രമിക്കുന്നു. ലോകത്തെ മിക്ക വലിയ നഗരങ്ങളിലും സൈക്കിളുകൾക്കായി പ്രത്യേക പാതകൾ ഒരുക്കിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ