എല്ലാ വർഷവും ജൂൺ 23 നാണ്അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനമായി ആചരിക്കുന്നത്. 1894ൽ ഇതേ ദിവസമാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായത്. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടോപ്പം ഇത് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഓർമപ്പെടുത്തുന്ന ദിവസം കൂടിയാണിത്.
ബി സി എട്ടാം നൂറ്റാണ്ട് മുതൽ എ ഡി നാലാം നൂറ്റാണ്ട് വരെ ഗ്രീസിലെ ഒളിമ്പിയയിൽ നടന്ന പുരാതന ഒളിമ്പിക് ഗെയിംസിൽ നിന്നാണ് ആധുനിക ഒളിമ്പിക് ഗെയിംസിന്റെ ഉത്ഭവത്തിന് പ്രചോദനമായത്. ബാരൻ പിയറി ഡി കൂബർട്ടിൻ, 1894ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) സ്ഥാപിക്കുകയും ഒളിമ്പിക് ഗെയിംസിന് അടിത്തറയിടുകയും ചെയ്തു.1947ൽ ചെക്കോസ്ലോവാക്യയിലെ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി അംഗമായ ഡോക്ടർ ഗ്രസ്, സ്റ്റോക്ക്ഹോമിൽ നടന്ന 41-ാമത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ സമ്മേളനത്തിൽ ഒരു റിപ്പോർട്ട് അവതരിപ്പിച്ചു. ഇതിൽ ഒളിമ്പിക് ദിനം ആഘോഷിക്കാൻ ഒരു ദിവസം വേണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. 1948ൽ പാരീസിലെ സോർബോണിൽ നടന്ന സമ്മേളനത്തിൽ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി സ്ഥാപിതമായ ജൂൺ 23ന് അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനമായി ആചരിക്കാൻ തീരുമാനിച്ചു. ആദ്യത്തെ ഒളിമ്പിക്സ് ദിനം 1948ലാണ് ആഘോഷിച്ചത്. ഒളിമ്പിക് ആശയം പ്രോത്സാഹിപ്പിക്കുന്നതിനും കായികരംഗത്ത് കൂടുതൽ സഹകരണം ഉറപ്പുവരുത്തുന്നതിനുമാണ് ഈ ദിവസം നിർദ്ദേശിച്ചത്.
ഒളിമ്പിക് ഗെയിംസിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുന്നതിനും ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഒളിമ്പിക് പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആഘോഷിക്കുന്നത്. “നീങ്ങുക”, “പഠിക്കുക”, “കണ്ടെത്തുക” എന്നീ മൂന്ന് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ദേശീയ ഒളിമ്പിക് കമ്മിറ്റികൾ പ്രായം, ലിംഗഭേദം, സാമൂഹിക പശ്ചാത്തലം കായിക കഴിവ് എന്നിവ കണക്കിലെടുക്കാതെ എല്ലാവരുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് കായിക, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിന്യസിപ്പിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ