-->

ലോക മഴക്കാട് ദിനം - ജൂൺ 22

  കാട് സങ്കൽപ്പിച്ചു നോക്കൂ...!
ഇടതൂർന്നു നിൽക്കുന്ന വലിയ മരങ്ങൾ... അതിനുള്ളിൽ അസംഖ്യം ജീവികൾ...! ഇതൊക്കെയാകും ബഹുഭൂരിഭാഗം പേരുടെയും മനസ്സിൽ വരിക. ഭൂമിയിൽ വ്യത്യസ്തങ്ങളായ പലതരം ആവാസവ്യവസ്ഥകളുണ്ട്. വളരെ ഉയർന്ന തോതിൽ മഴ ലഭിക്കുന്ന നിത്യഹരിത വനങ്ങളാണ് ഉഷ്ണമേഖലാ മഴക്കാടുകൾ. വർഷത്തിൽ 2.5 മുതൽ 4.5 മീറ്റർ വരെ മഴ ലഭിക്കുന്നതിനാലാണ് മഴക്കാടുകൾ എന്ന് ഇവയ്ക്ക് പേര് വന്നത്.

കരയിൽ ജീവിക്കുന്ന ജീവി വർഗങ്ങളുടെ 40 മുതൽ 70 ശതമാനം വരെ മഴക്കാടുകളിലാണ് കാണപ്പെടുന്നത്. കണ്ടുപിടിച്ചിട്ടില്ലാത്ത അനേകം സസ്യങ്ങളും, ഷട്പദങ്ങളും, സൂക്ഷ്മജീവികളും തുടങ്ങി ലക്ഷക്കണക്കിന് ജീവികൾ ഉഷ്ണമേഖലാമഴക്കാടുകളിൽ ഉണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. കണ്ടുപിടിക്കപ്പെട്ട സസ്യ-ജന്തു സമ്പത്തിന്റെ പകുതിയിൽ അധികവും കാണപ്പെടുന്നത് ഭൂമിയുടെ 6% മാത്രം വിസ്തൃതിയുള്ള മഴക്കാടുകളിലാണെന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. ഭൂമിയിൽ ലഭ്യമായ ഔഷധ സസ്യങ്ങളുടെ നാലിൽ ഒരുഭാഗം ഈ ഭൂപ്രദേശങ്ങളിൽ ആണ് കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇവയെ ഭൂമിയുടെ ഔഷധശാല എന്ന് വിശേഷിപ്പിക്കാറുണ്ട്. ഭൗമ പരിസ്ഥിതി വ്യവസ്ഥകളിൽ ഏറ്റവുമധികം കാർബണിനെ ശേഖരിച്ചുവെക്കാനും ചംക്രമണം നടത്താനുമുള്ള കഴിവ് മഴക്കാടുകൾക്കുണ്ട്. അന്തരീക്ഷ വായുവിലെ ഓക്സിജന്റെ 28 ശതമാനത്തോളം സംഭാവന ചെയ്യുന്നത് മഴക്കാടുകളാണ്. അതുകൊണ്ട് ജീവനുകളുടെ നിലനില്പിന് തന്നെ ആധാരമായ മഴക്കാടുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനാണ് ഈ ദിനം ആചരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: