-->

അയ്യങ്കാളി ദിനം - ജൂൺ 18

  ഇന്ന് അയ്യന്‍കാളിയുടെ ഓര്‍മ ദിനം. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ നേതാവായിരുന്നു അയ്യങ്കാളി. അധസ്ഥിതര്‍ക്കെതിരായ ചൂഷണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു.

വസ്ത്രധാരണത്തെ പ്രതിഷേധത്തിനും അവകാശ പ്രഖ്യാപനത്തിനുമുള്ള ഒരു ഉപകരണമാക്കി മാറ്റി.


ദിവാന്റെ വസ്ത്രധാരണത്തിന് സമാനമായ രീതിയില്‍ വസ്ത്രം ധരിച്ചും തലപ്പാവ് കെട്ടിയും കാതില്‍ കടുക്കനിട്ടും മനുഷ്യാവകാശങ്ങള്‍ ഔദാര്യമല്ലെന്ന് ഭരണകൂടത്തെയും അയിത്തജാതിക്കാരെയും ഒരുപോലെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനെതിരെ പ്രതിഷേധിക്കാന്‍ രാജപാതയിലൂടെ വില്ലുവണ്ടിയില്‍ സഞ്ചരിച്ചു. അത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി നടത്തിയ ഐതിഹാസികമായ വിമോചന യാത്രയായിരുന്നു.


കല്ലുമാല സമരവും പെരിനാട് സമരവുമെല്ലാം അയ്യങ്കാളി നടത്തിയിട്ടുള്ള ചരിത്ര സമരങ്ങളായിരുന്നു. വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ കാര്‍ഷകരെ അണിചേര്‍ത്ത് നടത്തിയ പണിമുടക്ക് സമരം ചരിത്രമായി. ജാതി കോടതികള്‍ക്കെതിരെ, സമുദായ കോടതി എന്ന ബദല്‍ മാതൃകയുണ്ടാക്കി. സ്ത്രീ വിദ്യാഭ്യാസത്തിനും ലിംഗസമത്വത്തിനുമായി എക്കാലവും നിലകൊണ്ടു .


1904-ല്‍ വെങ്ങാനൂരില്‍ ആദ്യ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യന്‍കാളിയെ സന്ദര്‍ശിച്ചത് ചരിത്രമുഹൂര്‍ത്തമായി. അടിച്ചമര്‍ത്തപ്പെട്ട നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു അയ്യങ്കാളി. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും, ലോകത്ത് എവിടെയൊക്കെ മനുഷ്യന്‍ അരികുചേര്‍ക്കപ്പെടുന്നുവോ അവിടെയൊക്കെ ആ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: