-->

ലോക പുകയില വിരുദ്ധ ദിനം (World Anti Tobaco Day)- May 31

ഇന്ന് ലോക പുകയില വിരുദ്ധ ദിനം. പുകയില ഉപയോഗത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങള്‍ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് പുകയില വിരുദ്ധ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 

 1987 മുതലാണ് ലോക പുകയില വിരുദ്ധ ദിനാചരണം ലോകാരോഗ്യ സംഘടന ആരംഭിച്ചത്. പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം മൂലം ആഗോളതലത്തിലുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം നല്‍കുക എന്നതാണ് ഇതുവഴി ലക്ഷ്യമിട്ടത്.

 'പുകയില പരിസ്ഥിതിക്കും ഭീഷണി' എന്നതാണ് ഈ വര്‍ഷത്തെ ലോക പുകയില രഹിത ദിന സന്ദേശം. പുകയിലയുടെ ഉപയോഗം രോഗങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം പുകയിലയുടെ കൃഷി, ഉത്പാദനം, വിതരണം, മാലിന്യം എന്നിവ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. പുകയില കൃഷിയും നിര്‍മ്മാണവും ഉപയോഗവും രാസവസ്തുക്കള്‍, വിഷ മാലിന്യങ്ങള്‍, മൈക്രോപ്ലാസ്റ്റിക് എന്നിവയടങ്ങിയ സിഗരറ്റ് കുറ്റികള്‍, ഇ-സിഗരറ്റ് മുതലായ മാലിന്യങ്ങളാല്‍ പ്രകൃതിയെ വിഷലിപ്തമാക്കുന്നു.



പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്ന ഒരു വിപത്താണ്. കേരളത്തില്‍ പുകയില മൂലമുള്ള മരണ കാരണങ്ങളുടെ പട്ടികയില്‍ പുകയിലജന്യമായ ഹൃദ്രോഗവും, വദനാര്‍ബുദവും, ശ്വാസകോശാര്‍ബുദവുമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പുരുഷന്മാരില്‍ കാണുന്ന അര്‍ബുദത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പുകയിലജന്യമായ ശ്വാസകോശാര്‍ബുദവും രണ്ടാമത് പുകയിലജന്യമായ വദനാര്‍ബുദവുമാണ്. ഒരു ലക്ഷത്തില്‍ അയ്യായിരം പേര്‍ക്ക് ബാധിക്കുന്ന ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സി.ഒ.പി.ഡി) എന്ന ഗുരുതര ശ്വാസകോശത്തിന്റെ ഹേതുക്കളില്‍ പ്രധാനകാരണം പുകയിലയാണ്. ഇതിന് പുറമേ പക്ഷാഘാതം, ശ്വാസകോശ രോഗങ്ങള്‍, ആസ്ത്മ, ക്ഷയരോഗം എന്നിവ വര്‍ധിക്കുന്നതിലും പുകയിലയുടെ പങ്ക് വളരെ വലുതാണ്.
 

അഭിപ്രായങ്ങളൊന്നുമില്ല: