ഡോ.റോബർട്ട് കോച്ച് 1882 മാർച്ച് 24-ന് ആണ് ക്ഷയരോഗത്തിന്റെ കാരണം കണ്ടെത്തിയത്. ക്ഷയരോ ഗത്തിന് കാരണമായ മൈകോ ബാക്ടീരിയം ട്യൂബർകുലോസിസിന്റെ (ടി.ബി. ബാസിലാസ്) കണ്ടെത്തൽ, ക്ഷയരോഗ നിർണയത്തിനും ചികിത്സയ്ക്കും വഴിയൊരുക്കി. ക്ഷയരോഗത്തിന്റെ ഭീകരതയും, സാമൂഹിക- സാമ്പത്തിക പ്രത്യാഘാതങ്ങളും പൊതുജനങ്ങൾക്ക് മനസിലാക്കിക്കൊടുക്കുന്നതിനും ക്ഷയരോഗം എന്ന പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനുമായി ഓരോ വർഷവും ലോകാരോഗ്യസംഘടന മാർച്ച് 24ന് ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു.
2030ഓടു കൂടി ടി.ബി. ഇല്ലാതാക്കാനുള്ള ആഗോള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. 'ക്ഷയരോഗം അവസാനിപ്പിക്കാൻ നിക്ഷേപിക്കുക. ജീവൻ രക്ഷിക്കുക...' എന്നതാണ് ഈ വർഷത്തെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം.
ചില വസ്തുതകൾ
തടയാൻ കഴിയുന്നതും, ഭേദപ്പെടുത്താവുന്നതുമായ ഈ രോഗം, ലോകത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധിയായി തുടരുന്നു. ഓരോ വർഷവും 10 ദശലക്ഷം ആളുകൾ ക്ഷയരോഗത്താൽ വലയുന്നു. വികസ്വര രാജ്യങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. 2000 മുതൽ ക്ഷയരോഗത്തെ നേരിടാനുള്ള ആഗോള ശ്രമങ്ങൾ വഴി 58 ദശലക്ഷം ജീവൻ രക്ഷിച്ചു. എന്നിരുന്നാലും, മൾട്ടി ഡ്രഗ്-റെസിസ്റ്റന്റ് ടി.ബിയുടെ (എം.ഡി. ആർ.ടി.ബി.) ആവിർഭാവം ഒരു വലിയ ആരോഗ്യ സുരക്ഷാ ഭീഷണിയാണ്.
രോഗകാരണങ്ങൾ
മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ മൂലമാണ് ഈ രോഗമുണ്ടാകുന്നത്. ശ്വാസകോശത്തെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. രോഗികളിൽ നിന്നും ചുമ, തുമ്മൽ, തുപ്പൽ എന്നിവ വഴി വായുവിലൂടെയാണ് ക്ഷയരോഗം പടരുന്നത്. ഒരു വ്യക്തി ക്ഷയരോഗ അണുക്കൾ ശ്വസിക്കുമ്പോൾ, അണുക്കൾ ശ്വാസകോശത്തിൽ സ്ഥിരതാമസമാക്കുകയും വളരാൻ തുടങ്ങുകയും ചെയ്യും. അവിടെനിന്ന് രക്തത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായ വൃക്ക, നട്ടെല്ല്, തലച്ചോറ് എന്നിവയിലേക്കും പടരാം. അപൂർവമായി ഹൃദയത്തിന്റെ പാടകളെയും ഇത് ബാധിക്കാം. ഇവയെല്ലാം ഒരു രോഗിയെ ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത് ആയിരിക്കും. ശ്വാസകോശത്തിലോ തൊണ്ടയിലോ ഉള്ള ക്ഷയരോഗം പകരുന്നതാണ്. എന്നാൽ നട്ടെല്ല്, വൃക്ക പോലുള്ള ഭാഗങ്ങളിലെ ക്ഷയരോഗം സാധാരണയായി പകരുന്നതല്ല.
ഒരാൾക്ക് ക്ഷയരോഗ അണുബാധ ഉണ്ടായാൽ അവർ ഉടനെ രോഗിയാവണമെന്നില്ല. ശരീരത്തിൽ പ്രവേശിക്കുന്ന ക്ഷയരോഗ അണുക്കൾക്ക് ദീർഘകാലം നിഷ്ക്രിയമായിരിക്കാൻ സാധിക്കും. ഇങ്ങനെയുള്ളവർക്ക് രോഗലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല. ഇത്തരത്തിൽ ലക്ഷണങ്ങളില്ലാത്ത അണുവാഹകരിൽ 5-10 ശതമാനം വരെ പിന്നീട് ലക്ഷണങ്ങളോടുകൂടിയ ക്ഷയരോഗികളായി മാറാറുണ്ട്. രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
പ്രതിരോധശേഷി കുറഞ്ഞവരിൽ, പ്രത്യേകിച്ച് HIV അണുബാധ ഉള്ളവർക്ക് ക്ഷയരോഗം വരാൻ സാധ്യത വളരെ കൂടുതലാണ്. ക്ഷയരോഗം ആർക്കുവേണമെങ്കിലും വരാമെന്നിരിക്കെ, ചില പ്രത്യേക രോഗങ്ങളുള്ളവർക്ക് ക്ഷയരോഗസാധ്യത കൂടുതലാണ്. ഉദാഹരണമായി, HIV/AIDS, പ്രമേഹം, കഠിനമായ വൃക്ക രോഗം, കീമോതെറാപ്പി കഴിഞ്ഞവർ, ട്രാൻസ്പ്ലാന്റ് കഴിഞ്ഞവർ, പോഷക ആഹാര കുറവുള്ളവർ, ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് രോഗസാധ്യത വളരെ കൂടുതലാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ