ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഇന്ത്യൻ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ.
രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ് അദ്ദേഹം. ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം.
🔹രാമൻ പ്രഭാവം
ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. ഭാരതീയ ശാസ്ത്രജ്ഞനായ സി.വി. രാമൻ (1888-1970) ആണ് രാമൻ പ്രഭാവത്തിന്റെ ഉപജ്ഞാതാവ്. കൽക്കത്ത യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന രാമൻ പ്രകാശത്തെ സംബന്ധിച്ച ചില സുപ്രധാന കണ്ടുപിടിത്തങ്ങൾ നടത്തി. പദാർത്ഥ ങ്ങളുടെ ഘടന മനസ്സിലാക്കാൻ ഇവ സഹായിച്ചു. രാമൻ ഇഫക്ട് എന്നറിയപ്പെടുന്ന ഈ കണ്ടുപിടിത്തത്തിന് 1930-ൽ നോബൽ സമ്മാനം ലഭിച്ചു. ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ കിരണങ്ങളെ സുതാര്യമായ പദാർത്ഥങ്ങളിൽ കൂടി കടത്തിവിട്ടാൽ പ്രകീർണ്ണനം മൂലം ആ നിറത്തിൽ നിന്നും വിഭിന്നമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നു. ഈ പ്രകീർണ്ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു. ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു.
1928 മുതൽ സി വി രാമന് നോബൽ സമ്മാനത്തേക്കുറിച്ച് പ്രതീക്ഷയുണ്ടായിരുന്നു. രണ്ട് വർഷത്തിന് ശേഷം രാമൻ പ്രഭാവം എന്ന കണ്ടുപിടുത്തത്തിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. നവംബറിൽ നോബൽ സമ്മാനം വാങ്ങാനായി ജൂലൈയിൽ തന്നെ അദ്ദേഹം സ്വീഡനിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
ആദ്യ ഏഷ്യക്കാരൻ
ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ മാത്രമല്ല, വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തികൂടിയാണ് സി വി രാമൻ.
ക്വാണ്ടം ഫോട്ടോൺ സ്പിൻ
1932 ൽ രാമനും സൂരി ഭാഗവന്തവും ക്വാണ്ടം ഫോട്ടോൺ സ്പിൻ കണ്ടെത്തി. ഈ കണ്ടെത്തൽ പ്രകാശത്തിന്റെ ക്വാണ്ടം സ്വഭാവം തെളിയിക്കാൻ കൂടുതൽ സഹായകരമായി.
കടലിന്റെ നീലിമ
1921 ൽ യൂറോപ്പിലേക്ക് പോകുമ്പോൾ അദ്ദേഹം കണ്ട, മെഡിറ്ററേനിയൻ കടലിന്റെ അത്ഭുതകരമായ നീല നിറമായിരുന്നു അദ്ദേഹം കണ്ടെത്തിയ ഒപ്‌റ്റിക്കൽ തിയറിക്ക് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു
പ്രകാശത്തിനൊപ്പം ശബ്ദവും
പ്രകാശത്തെക്കുറിച്ചുള്ള പഠനത്തിൽ മാത്രമല്ല രാമൻ ശ്രദ്ധ പതിപ്പിച്ചത്. ശബ്ദശാസ്ത്രത്തിലും അദ്ദേഹം പരീക്ഷണം നടത്തി. ഇന്ത്യൻ ഡ്രമ്മുകളായ തബല, മൃതംഗം എന്നിവയുടെ ശബ്ദത്തിന്റെ സ്വരചേർച്ചയേക്കുറിച്ച് പഠനം നടത്തിയ ആദ്യത്തെ വ്യക്തികൂടിയാണ് സി വി രാമൻ
തപാൽ സ്റ്റാമ്പ്
1954 ൽ ഭാരത് രത്‌ന സമ്മാനിച്ചാണ് അദ്ദേഹത്തെ രാജ്യം ആദരിച്ചത്. അദ്ദേഹത്തിന്റെ ആദ്യ മരണ വാർഷികത്തിൽ ഇന്ത്യൻ തപാൽ വകുപ്പ് സർ സി വി രാമന്റെ സ്മരണയ്ക്കായ് സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ