മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായ പ്രതിഭയായിരുന്നു കുമാരനാശാൻ. പുത്തൻ കടവത്ത് നാരായണൻെറയും കൊച്ചുപെണ്ണ് എന്ന കാളി അമ്മയുടേയും രണ്ടാമത്തെ മകനായി 1873 ഏപ്രിൽ 12ന്
തിരുവനന്തപുരത്തെ കായിക്കരയിൽ തൊമ്മൻവിളാകം കുടുംബത്തിലാണ് കുമാരനാശാൻെറ ജനനം. നെടുങ്ങണ്ടയിലെ കുടിപ്പള്ളിക്കൂടത്തിൽ നിന്ന് വിദ്യാഭ്യാസം ആരംഭിച്ചു. പിന്നീട് ഉടയാൻ കുഴിയിൽ കൊച്ചുരാമൻ വൈദ്യരുടെ ശിക്ഷണത്തിൽ സംസ്കൃതപഠനം തുടങ്ങിയെങ്കിലും അധികകാലം തുടരാനായില്ല. കായിക്കരയിൽ ചക്കൻവിളകം പ്രൈമറി സ്കൂൾ പ്രൈമറി സ്കൂൾ ആരംഭിച്ചപ്പോൾ അദ്ദേഹം അവിടെ രണ്ടാം ക്ലാസ്സിൽ ചേർന്ന് പഠനം തുടർന്നു. സ്കൂളിൻറെ അധ്യാപകൻ വിരമിച്ചപ്പോൾ യാത്രയയപ്പ് ചടങ്ങിൽ ചൊല്ലാൻ എഴുതിയ കവിതയിലൂടെയാണ് കുമാരൻ കവിതയെഴുത്തിലുള്ള പ്രാവീണ്യം പ്രകടമാക്കിയത്.
1887ൽ തൻെറ പതിനാലാം വയസ്സിൽ നാലാം ക്ലാസ് വിജയിച്ച കുമാരന് അതേ സ്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചു. എന്നാൽ അധികകാലം അധ്യാപനം തുടർന്നില്ല. പിന്നീടദ്ദേഹം വ്യാപാരശാലയിൽ കണക്കെഴുത്തുകാരനായും മറ്റും ജോലികൾ നോക്കി. എഴുതുന്നവ പത്രങ്ങൾക്കയച്ചു കൊടുക്കുകയും അതിൽ പലതും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. . കെ.എൻ കുമാരൻ, കുമാരു, കായിക്കര കെ.എൻ കുമാരൻ തുടങ്ങി വിവിധ തൂലികാനാമങ്ങളിലായിരുന്നു രചനകൾ വന്നത്. അങ്ങനെ പതിയെ പതിയെ കുമാരൻ എന്ന കവി മുളപൊട്ടി വളർന്ന് പന്തലിക്കാൻ തുടങ്ങി.
‘കോട്ടാറൻ കസവിട്ട മുണ്ട്’ എന്നു തുടങ്ങുന്ന ഓണ വർണ്ണനയാണ് കുമാരനാശാേൻറതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകവിത. നാട്ടിലെ ഓണാഘോഷത്തെക്കുറിച്ച് 'ഉഷ കല്യാണം' എന്നൊരു നാടകവും അദ്ദേഹം അക്കാലത്ത് എഴുതിയിരുന്നു.
ഏകദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരൻ വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ അന്തേവാസിയാവുകയും മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകുകയും ചെയ്തു. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ച് സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെയാണ് കുമാരൻ ‘കുമാരനാശാൻ’ ആയത്.
1891ൽ കുമാരനാശാനും ശ്രീനാരായണഗുരുവും തമ്മിൽ നടന്ന കൂടിക്കാഴ്ച ആശാൻറെ ജീവിതത്തിലെ പ്രധാനവഴിത്തിരിവായിരുന്നു. കുമാരനിലെ പ്രതിഭയെ മനസിലാക്കിയ ഗുരു അദ്ദേഹത്തെ അരുവിപ്പുറത്തേക്ക് ക്ഷണിച്ചു. അങ്ങനെ കുമാരനാശാൻ ശ്രീനാരായണ ഗുരുവിൻറെ ശിക്ഷ്യനായി. അങ്ങനെയിരിക്കെ ഉപരിപഠനത്തിനായി ഗുരു ബാംഗ്ലൂരിലേക്കയച്ച കുമാരനാശാൻ ഡോക്ടർ പൽപുവിനെ പരിചയപ്പെട്ടു.
ശ്രീനാരായണ ഗുരുവിൻറെ സ്വാധീനം ആശാനെ വേദാന്തിയാക്കി. മൃത്യുഞ്ജയവും വിചിത്ര വിജയവും ആശാൻ അക്കാലത്ത് എഴുതിയ രണ്ട് നാടകങ്ങളാണ്.
1903 മെയ് 15ന് ശ്രീനാരായണ ധർമ്മപരിപാലനയോഗം സ്ഥാപിതമായി. കുമാരനാശാനായിരുന്നു സംഘടനയുടെ ജനറൽ സെക്രട്ടറി.
1918ല്‍ തൻെറ നാൽപ്പത്തഞ്ചാം വയസ്സിലാണ് ആശാൻ വിവാഹിതനായത്. തിരുവനന്തപുരം കുന്നുകുഴി കമലാലയം ബംഗ്ലാവിൽ കെ. ഭാനുമതിയമ്മയായിരുന്നു ഭാര്യ.
കവിതാശകലങ്ങൾ
ആശാൻ രചിച്ച ലീല എന്ന കൃതിയിലെ വരികളാണിത്....
‘‘പഴകിയ തരുവല്ലി മാറ്റിടാം
പുഴയൊഴുകുംവഴി വേറെയാക്കിടാം
കഴിയുമവ മനസ്വിമാർ മനസ്സൊഴിവത
ശക്യമൊരാളിലൂന്നിയാൽ’’...
ആശാൻെറ ‘വീണ പൂവ്’ എന്ന ഖണ്ഡകാവ്യത്തിെൽ വരികളാണിത്...
‘‘ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ!
നീ ശ്രീ ഭൂവിലസ്ഥിര-യാഭൂതിയെങ്ങു
പുനരിങ്ങു കിടപ്പിതോർത്താൽ’’...
ജാതി വ്യവസ്ഥക്കെതിരെയും ആശാൻെറ തൂലിക പടവെട്ടിയിട്ടുണ്ട്. ജാതീയത കൊടുമ്പിരികൊണ്ട കാലഘട്ടത്തിൽ അവക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും താക്കീത് നൽകുകയുമാണ് ആശാൻെറ ‘ദുരവസ്ഥ’....
‘‘തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ
യൊട്ടല്ല ഹോ ജാതിക്കോമരങ്ങൾ’’...
മണിമാല എന്ന കവിതാ സമാഹാരത്തിലെ ഒരു ഉദ്‌ബോധനം എന്ന കവിതയിലെ വരികളാണിത്. സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കാൻ ഈ വരികളേക്കാൾ ശ്രേഷ്ഠമായത് കണ്ടെത്താൻ പ്രയാസകരമായിരിക്കും....
“സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു മൃതിയെക്കാള്‍ ഭയാനകം”...
വീണപൂവ് , ഒരു സിംഹപ്രസവം,നളിനി, ലീല , ബാലരാമായണം , ഗ്രാമവൃക്ഷത്തിലെ കുയിൽ, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ എന്നിവ പ്രധാന കൃതികളാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ