-->

ആശയങ്ങൾ കണ്ടെത്തുക......

 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ജീവിതവിജയത്തിന് ധനം ആവശ്യമായ ഒരു ഘടകമാണ്. പക്ഷേ ധനമില്ലാത്തവൻ എന്തുചെയ്യും? ഒരു പുത്തൻ ആശയം അയാളുടെ ജീവിതത്തെ മാറ്റിമറിച്ചേയ്ക്കും. ക്രിയാത്മകമായ നല്ല കുറെ ആശയങ്ങളും ഉൾക്കാഴ്ചകളും അവ പ്രാവർത്തികമാക്കാനുള്ള കഴിവും ഉണ്ടെങ്കിൽ അയാൾ വേണ്ടതിലധികം ധനം ഉണ്ടാക്കിക്കൊള്ളും. അതിനാൽ ജീവിതത്തിൽ വിജയിക്കണമെങ്കിൽ ആശയങ്ങൾ കണ്ടെത്തി പ്രാവർത്തികമാക്കാൻ ശ്രമിക്കണം.


ആശയങ്ങൾ വീണ്ടുകിട്ടാൻ നമ്മൾ കണ്ണും കാതും തുറന്നിരിക്കണം. ആശയം എന്തിൽ നിന്നും വരാം. ഒരു വ്യക്തിയിൽ നിന്നോ ഏതെങ്കിലും സ്ഥലത്തു നിന്നോ ലഭിക്കാം. കീശയിൽ ഒരു കൊച്ചുനോട്ടുബുക്കും പേനയും കരുതുന്നത് നന്ന്. ആശയം വരുമ്പോൾ ഉടനെ അതിലേയ്ക്കു പകർത്തണം. കാലം കഴിയുന്തോറും അവ മറന്നുവെന്നു വരാം.


ദിവസേന നൂറുകണക്കിന് ആശയങ്ങളാണ് നമ്മുടെ മനസിൽ മിന്നിത്തെളിയുന്നത്. അക്കൂട്ടത്തിൽ മൗലികവും ക്രിയാത്മകവുമായ നിരവധി ആശയങ്ങളുണ്ടായിരിക്കും. അവയിൽ ഒരു ശതമാനത്തെയെങ്കിലും പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽ എന്തായിരിക്കും ഫലം ?


ആശയങ്ങളാണ് ലോകത്തെ ഭരിക്കുന്നത്. മഹത്തായ ആശയങ്ങൾ ജീവിതത്തിൽ പകർത്തുന്നവരാണ് മഹാന്മാർ. നമ്മൾ സ്വന്തമാക്കുന്ന നവീന ആശയങ്ങളുടെ ഗുണമേന്മയാണ് ജീവിതത്തിൽ വിജയത്തെ നിർണയിക്കുന്നത്. വിജയത്തിന്റെ വിത്തുകളാണ് ആശയങ്ങൾ. ജീവിതത്തിൽ സ്വന്തം പ്രയത്നം കൊണ്ട് കോടീശ്വരന്മാരായിത്തീർന്നിട്ടുള്ളവരെല്ലാം ക്രിയാത്മകമായ ആശയങ്ങൾ പ്രാവർത്തികമാക്കിയവരാണ്.

അമേരിക്കയിലെ വൻ വ്യവസായിയായിരുന്ന ജോൺ റോക്ക് ഫെല്ലർ (സീനിയർ) ഒരിക്കൽ ഒരാളെ വൻ തുക ശമ്പളം നൽകി ജോലിക്കുവെച്ചു. ബിസിനസ് അഭിവൃദ്ധിപ്പെടുത്താനുള്ള പുത്തൻ ആശയങ്ങൾ കണ്ടെത്തുക എന്നതായിരുന്നു അയാളുടെ ജോലി. കറങ്ങുന്ന കസേരയിൽ ചുമ്മാ മേലോട്ടു നോക്കിയിരിക്കലാണ് അയാളുടെ പണിയെന്ന് ആരോ റോക്ക് ഫെല്ലറോടു പരാതിപ്പെട്ടു. റോക്ക് ഫെല്ലറുടെ മറുപടി ഇതായിരുന്നു. "അയാൾ ചിന്തിച്ചു കണ്ടെത്താറുള്ളതുപോലെയുള്ള ആശയങ്ങൾ നിങ്ങളും കണ്ടെത്തൂ. അപ്പോൾ നിങ്ങൾക്കും ഞാനൊരു കറങ്ങുന്ന കസേര തരാം. അയാൾക്കു കൊടുക്കുന്ന ശമ്പളവും തരാം.

അഭിപ്രായങ്ങളൊന്നുമില്ല: