-->

യാത്രയയപ്പ്

 കഥ - യാത്രയയപ്പ്

          

പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ക്യാബിന്റെ ഹാഫ് ഡോർ  തള്ളി തുറന്ന് ഗണേഷനും രവിയും അകത്ത് കടന്നു. എഞ്ചിനീയർ മോഹൻ ഫയലിൽ തിരക്കിട്ട് എഴുത്തിലാണ്. 

    " സാർ , സമയം നാലരയായി . ഇന്നാണ് ഭവാനിയമ്മ പിരിയുന്നത്. ചെറിയൊരു യാത്രയയപ്പ് ചടങ്ങുണ്ട്. സാറൊന്ന് വന്ന് പോവണം" രവി ആഗമനോദ്ദേശം അറിയിച്ചു.

    " ഞാൻ വേണോ ചടങ്ങിന് ? " മോഹൻ നീരസം പ്രകടിപ്പിച്ചു.

       " മുപ്പത് വർഷം ഈ ഓഫീസിൽ സ്വീപ്പർ ആയി ജോലി ചെയ്തതാ ഭവാനിയമ്മ . അവർക്ക് ചെറിയൊരു ചടങ്ങെങ്കിലും ഒരുക്കേണ്ടെ സാർ ? " ഗണേഷൻ സംഘടനാ നേതാവെന്ന നിലയിൽ പ്രതികരിച്ചു.

     " ഭവാനിയമ്മയുടെ മകനും മകളും വന്നിട്ടുണ്ട്. എല്ലാവരും ഹാളിലെത്തി. സാർ വന്നാൽ ചടങ്ങ് തുടങ്ങാമായിരുന്നു " രവി സമയക്കുറവ് ഓർമ്മിപ്പിച്ചു.

     " സാർ ,ഇന്ന് ഭവാനിയമ്മയെ വീട്ടിലെത്തിക്കാൻ നമ്മുടെ ഓഫീസിലെ  കാറെടുക്കുന്നുണ്ട്. " ഗണേഷൻ ഉത്തരവാദിത്തബോധത്തോടെ അറിയിച്ചു.

    " ഇല്ല , അത് പറ്റില്ല. ഇന്ന് വൈകിട്ട് ബ്ളൂ ഡയൽ ഹോട്ടലിൽ കോൺട്രാക്ടേർസിന്റെ ഡിന്നർ പാർട്ടിയുണ്ട്. എനിക്കതിന് പോകേണ്ടതുണ്ട്. നിങ്ങൾ മറ്റാരുടെയെങ്കിലും വാഹനം നോക്കിക്കോളൂ " എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗൗരവത്തിൽ തന്നെ  പ്രതികരിച്ചു.

    ഗണേഷിനും  രവിക്കും ഒന്നും പറയാനില്ലായിരുന്നു. കഴിഞ്ഞ മാസം സൂപ്രണ്ട് ചന്ദ്രൻ പിള്ള റിട്ടയർ ചെയ്തപ്പോൾ ഓഫീസ് വാഹനത്തിലാണ് അദ്ദേഹത്തെ വീട്ടിലെത്തിച്ചത്. ഇത് പാർട്ടൈം സ്വീപ്പറായി പോയില്ലെ.

    ഭവാനിയമ്മ മുപ്പത് വർഷമായി ഇതെ ഓഫീസിലാണ് ജോലി ചെയ്തത്. നഗരത്തിൽ നിന്നകലെയുള്ള വീട്ടിൽ നിന്ന് രാവിലെ ഓഫീസിലെത്തി തുറന്ന് എല്ലാവരും വരും മുമ്പെ എല്ലായിടവും അടിച്ചു വാരി വൃത്തിയാക്കിയിട്ടുണ്ടാവും. ഉച്ചവരെ പണിയുള്ളൂവെങ്കിലും മിക്ക ദിവസവും  വൈകിട്ടെ അവർ പോവാറുള്ളൂ. ഓഫീസിലെ പ്യൂണിന്റെ ജോലി വരെ അവർ ചെയ്യുന്നു. ആരോടും മുഷിച്ചിലില്ലാത്ത പ്രകൃതം. അധികം സംസാരിക്കാറില്ല. ആരും അവരെ കുറിച്ചും അന്വേഷിക്കാറില്ല.  എല്ലാവരുടെയും മേശപ്പുറങ്ങളെല്ലാം വൃത്തിയാക്കി വെക്കും. ജീവനക്കാർക്കുള്ള ചായ പുറത്തെ കടയിൽ നിന്നെത്തിക്കുന്നതെല്ലാം ഭവാനിയമ്മയാണ് , ഇതുവരെ ഒരു കാര്യത്തിലും ആരോടും പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല. അവർ അത്യാവശ്യത്തിന് ലീവാകുന്ന ദിവസം ഓഫീസിൽ എല്ലാവരും പ്രയാസപ്പെടാറുണ്ട്. അവരാണിന്ന് പടിയിറങ്ങുന്നത്.

    കോൺഫ്രൻസ് ഹാളിൽ ഓഫീസിലെ കുറച്ച് ജീവനക്കാരെല്ലാം ഒത്തുകൂടിയിട്ടുണ്ട്. സൂപ്രണ്ട് ചന്ദ്രൻ പിള്ളയുടെ റിട്ടയർമെന്റ് ചടങ്ങ് പോലെ കളർഫുളല്ല ഇന്ന്. പലരും ഇന്ന്  വന്നിട്ടില്ല. എക്സിക്യൂട്ടീവ് എഞ്ചിനീയർ എത്തിയതോടെ ചടങ്ങിന് തുടക്കമായി. 

   ഓഫീസിലെ ഉയർന്ന ഓഫീസർമാരെല്ലാം വേദിയിലെ  മുൻ നിരയിലുണ്ട്. ഇന്നത്തെ മുഖ്യാതിഥിയായ ഭവാനിയമ്മ പിൻനിരയിലാണിരിക്കുന്നത്. വേദിയിലെ മേശപ്പുറത്ത് അവർക്കുള്ള ചെറിയൊരു മെമെന്റോ വെച്ചിട്ടുണ്ട്. ഹാളിന്റെ പിൻനിരയിൽ പരിചയമില്ലാത്ത രണ്ട് മുഖങ്ങളുണ്ട്. ഭവാനിയമ്മയുടെ മകളും മകനുമാണത്. മാന്യമായ വേഷം ധരിച്ചാണവർ വന്നിരിക്കുന്നത്.

    മോഹനൻ സാർ കസേരയിലിരുന്ന് അസ്വസ്ഥത പ്രകടമാക്കുന്നുണ്ട്. സമയം വൈകും തോറും വൈകിട്ടത്തെ പാർട്ടിയിൽ ലേറ്റാവുമെന്ന ആശങ്ക. ഇടക്കിടെ വാച്ചിലേക്ക് നോക്കി കൊണ്ടിരിക്കുന്നു. സ്വാഗത ഭാഷണം നടത്തുന്നത് ഗണേഷനാണ്. അത്  സ്ഥിരമായി അദ്ദേഹത്തിന്റെ ചുമതലയാണ്. സ്വാഗതം കഴിഞ്ഞ് സൂപ്രണ്ടിന്റെ അദ്ധ്യക്ഷ പ്രസംഗം. ഭവാനിയമ്മയുടെ മുപ്പത് വർഷത്തെ സേവനം രണ്ട് വാചകങ്ങളിലൊതുക്കി ഉപഹാര സമർപ്പണത്തിനായി മോഹനൻ സാറിനെ ക്ഷണിച്ചു. ഉപഹാരം ഏറ്റുവാങ്ങുമ്പോൾ ഭവാനിയമ്മയുടെ കണ്ണു നിറഞ്ഞു . മോഹൻ സാർ പ്രസംഗിക്കുന്നില്ലെന്ന് വേദിയിൽ അറിയിച്ചു. ആശംസ നേരാൻ സദസ്സിൽ നിന്നാരുമുണ്ടായിരുന്നില്ല. എല്ലാവർക്കും ചടങ്ങ് നേരത്തെ തീർക്കണമായിരുന്നു. മറുപടി പ്രസംഗത്തിനായി ഭവാനിയമ്മയെ ക്ഷണിച്ചു.

   ഒരിക്കൽ പോലും പ്രസംഗിച്ചു പരിചയമില്ലാത്ത ഭവാനിയമ്മ മൈക്കിന് മുന്നിൽ നിന്ന് ഒരക്ഷരം പോലും പറയാനാവാതെ വിങ്ങിപ്പെട്ടുകയായിരുന്നു. തളരുന്നത് പോലെ തോന്നിച്ചു . അമ്മയുടെ നിസ്സഹായാവസ്ഥ കണ്ടാണ് പിൻനിരയിൽ നിന്ന് മകൻ വേദിയിലേക്ക് ഓടിവന്നത്. 

   മകന്റെ ശരീരത്തിൽ ചാരി നിന്ന് കരയാനല്ലാതെ ഭവാനിയമ്മക്ക് മറ്റൊന്നിനും കഴിഞ്ഞില്ല.

   " എന്റെ അമ്മയ്ക്ക് ഏറ്റവും പ്രിയം നിറഞ്ഞവരെ " .... മകൻ മൈക്കിലൂടെ പറഞ്ഞു തുടങ്ങി.

    " എനിക്കും എന്റെ ചേച്ചിക്കും ഇന്ന് ഏറ്റവും സന്തോഷമുള്ള ദിവസമാണ്. ഞങ്ങളുടെ അമ്മയെ ഞങ്ങൾക്ക് മാത്രമായി കിട്ടുകയാണിനി ... "

   ആ ചെറുപ്പക്കാരന്റെ കണ്ഠവുമിടറുന്നുണ്ടായിരുന്നു.  " എന്റെ അഞ്ചാം വയസ്സിലാണ് അച്ഛൻ മരിക്കുന്നത്. ചേച്ചിക്കന്ന് ഏഴ് വയസ്സ് പ്രായം. സർക്കാർ അതിഥി മന്ദിരത്തിലെ പ്യൂണായിരുന്ന അച്ഛന്റെ ജോലിയാണ് അമ്മക്ക് കിട്ടിയത്.  ഈ ഓഫീസിലാണ് അമ്മ ആദ്യമായി ജോലിക്ക് കയറിയത്. ഇവിടെ നിന്ന് തന്നെ പടിയിറങ്ങുകയാണ് അമ്മ . അമ്മക്കിന്ന് സംസാരിക്കാനാവില്ലെന്ന് ഞങ്ങൾക്കറിയാം. അമ്മക്ക് വേണ്ടിയാണ് മകനായ  ഞാൻ സംസാരിക്കുന്നത്...."

    അമ്മയെ ചേർത്ത് പിടിച്ചുള്ള  മകന്റെ സംസാര രീതി സദസ്സ് സാകൂതം കേട്ട് നിൽക്കുകയായിരുന്നു.

 " ഞങ്ങളെ അമ്മ പഠിപ്പിച്ചത് ഈ ജോലി കൊണ്ടാണ്. ഇവിടത്തെ ജീവനക്കാരെ സ്നേഹിച്ച പോലെ അമ്മ ഞങ്ങളെ സ്നേഹിച്ചിട്ടില്ല. ഈ ഓഫീസിലെ ഓരോരുത്തരെയും ഞങ്ങൾക്കറിയാം. അവരുടെ വിശേഷങ്ങളും ഞങ്ങളോട് അമ്മ പറഞ്ഞിട്ടുണ്ട്. ഞങ്ങളെ പഠിപ്പിക്കാനായി അമ്മ ഒഴിവു ദിവസങ്ങളിൽ ഞങ്ങളുടെ ഗ്രാമത്തിലെ ചില വീടുകളിലും പണിക്ക് പോയിരുന്നു. ചേച്ചിയെ നഗരത്തിലെ കോളേജിലേക്കയക്കുമ്പോൾ അമ്മ സാമ്പത്തികമായി പ്രയാസപ്പെട്ടത് ഞങ്ങൾക്കറിയാം. ചേച്ചിക്ക് പിറകെ ഞാനും കോളേജിലെത്തിയപ്പോൾ അമ്മ പണത്തിനായി വിശ്രമമില്ലാതെ  പണിയെടുക്കുകയായിരുന്നു. ആരുടെയും മുന്നിൽ അമ്മ കൈനീട്ടിയില്ല. ഒരു പക്ഷേ ഈ ഓഫീസിലെ ഒരു ജീവനക്കാരൻ പോലും ഈ അമ്മയുടെ പ്രയാസം അറിഞ്ഞിരുന്നില്ല. ആരെയും അമ്മ അറിയിച്ചില്ലെന്നതാണ് സത്യം. ചേച്ചിയാണാദ്യം സിവിൽ സർവ്വീസിൽ പ്രവേശിച്ചത്. പരിശീലനത്തിനായി മസ്സൂറിയിലേക്ക് പോകുമ്പോൾ അമ്മയും ഞാനും തനിച്ചായി ....... "

    സദസ്സ് വിശ്വസിക്കാനാവാതെ തരിച്ചിരിക്കയാണ്. ഭവാനിയമ്മയുടെ മകൾ സിവിൽ സർവീസിലോ ! വേദിയിലിരിക്കുന്നവരും ഭവാനിയമ്മയുടെ മകന്റെ പ്രസംഗത്തിലാണ് ശ്രദ്ധിക്കുന്നത്. സദസ്സിന്റെ പിറകിലിരിക്കുന്ന ഭവാനിയമ്മയുടെ മകളെ പലരും തിരിഞ്ഞു നോക്കുന്നത് കണ്ടു. 

    " ചേച്ചി സിവിൽ സർവ്വീസ് പരിശീലനം കഴിഞ്ഞ് ഇന്ത്യൻ ഫോറിൻ  സർവ്വീസിൽ കയറിയപ്പോഴും അമ്മയുടെ ജോലി ഉപേക്ഷിക്കാൻ ഞങ്ങൾ പറഞ്ഞില്ല. കാരണം ഈ വിയർപ്പാണ് ഞങ്ങളുടെ ഊർജം . ചേച്ചിക്ക് പിറകെ ഞാനും സിവിൽ സർവ്വീസിൽ പ്രവേശിച്ചപ്പോൾ അമ്മയെ ചേച്ചി ഡൽഹിയിലേക്ക് കൂടെ കൂട്ടാൻ ശ്രമിച്ചതായിരുന്നു.... "

     തങ്ങളുടെ മുന്നിലിരുന്ന് സംസാരിക്കുന്നത് ഒരു ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് മനസ്സിലായതും സദസ്സ് അൽഭുതപ്പെട്ടു പോയി. 

       " പക്ഷേ ... അമ്മ ഈ ഓഫീസ് വിട്ട് പോരാൻ കൂട്ടാക്കിയില്ല. മക്കളുടെ നേട്ടങ്ങൾ പോലും തന്റെ ഓഫീസിൽ അറിയിക്കാതിരിക്കാൻ അമ്മ ശ്രമിച്ചു. ഞങ്ങളോടൊപ്പം പൊതു സദസ്സുകളിൽ അമ്മ വന്നില്ല. ഞങ്ങളുടെ ഗ്രാമത്തിലെ പഴയ വീട്ടിൽ അമ്മ ഒറ്റക്ക് കഴിയുന്നു. ഈ ജോലി കാരണമാണത്. ഒരോ ഒഴിവു ദിവസവും ഞങ്ങൾ കുടുംബ സമേതം  അമ്മക്കരികിലെത്തും. എല്ലാ അധികാരഭാവങ്ങളും വിട്ട് അമ്മയുണ്ടാക്കുന്ന കഞ്ഞിയും പയറും കഴിക്കാൻ ഞങ്ങളുണ്ടാവാറുണ്ട്. ചേച്ചിയുടെ  ഫോറിൻ അസൈൻമെന്റ് പോലും നീട്ടി വെച്ചത് അമ്മയുടെ റിട്ടയർമെന്റ് കാത്തിരുന്നിട്ടാണ്. ഞാനിപ്പോൾ കർണാടകയിലെ കൂർഗിൽ അസിസ്റ്റന്റ് കലക്ടറായാണ് ജോലി നോക്കുന്നത് .ഇപ്പോ ഞാനും ചേച്ചിയും തമ്മിൽ ചെറിയൊരു തർക്കത്തിലാണ്. അമ്മയെ ചൊല്ലിയാണത്. ഇനിയെങ്കിലും ഞങ്ങൾ ഓരോരുത്തർക്കും അമ്മയെ സ്വന്തമായി കിട്ടണം. ആ സ്നേഹം മുഴുവനും ഞങ്ങൾക്ക് വേണം .... "

      വേദിയിലിരിക്കുന്നവരെല്ലാം  കേൾക്കുന്നതൊന്നും വിശ്വസിക്കാനാവാത്ത പോലെ മിഴിച്ചിരുന്നു പോയി. ഈ ഓഫീസിൽ ഒരു പരിഗണനയും നൽകാത്ത ഒരു പാർട്ടൈം സ്വീപ്പറുടെ രണ്ട് മക്കളും ഇന്ത്യൻ സിവിൽ സർവ്വീസിൽ ആണെന്ന് അറിയാത്തവരായതിൽ എല്ലാവരുടെയും ശിരസ്സ് കുനിഞ്ഞിരിക്കയാണ്. മകൻ തുടർന്നു.

   " അധികം പറയാനെനിക്കിനി ഒന്നുമില്ല. ഞങ്ങളുടെ അമ്മയെ തിരികെ നൽകിയ ഈ ഓഫീസിലെ ഓരോരുത്തരോടും അമ്മയ്ക്ക് വേണ്ടി  നന്ദിയും കടപ്പാടും അറിയിക്കുന്നു ... "

     മകൻ അമ്മയെയും പിടിച്ച് വേദിയിൽ നിന്നിറങ്ങുമ്പോഴേക്കും പിൻവശത്തുനിന്ന് മകൾ വേദിയിലേക്ക് വേഗത്തിൽ നടന്നടുത്തു. സ്റ്റേജിലേക്ക് കയറി മൈക്കിനഭിമുഖമായി നിന്ന് അവർ പറഞ്ഞു തുടങ്ങി.

     " ക്ഷമിക്കണം , നിങ്ങളോട് ഒരു അപേക്ഷയുണ്ടെനിക്ക് , അത്  പറയാനാണ് ഞാനിപ്പോൾ വേദിയിലെത്തിയത്..."

    അവർ സംസാരം അല്പം നിർത്തിയതും സദസ്സ് മുഴുവൻ ആ ഐ എഫ് എസുകാരിയിലായി ശ്രദ്ധ. 

    " അമ്മയ്ക്ക് നിങ്ങളിന്ന് കൊടുത്ത ഉപഹാരമുണ്ടല്ലോ, അത് എന്റെ അമ്മയ്ക്ക് കിട്ടിയ ആദ്യ ഉപഹാരമാണ്. അമ്മയത് അച്ഛന്റെ ഫോട്ടോക്കരികിൽ സൂക്ഷിക്കുമെന്നുറപ്പുണ്ട്. ഒരു കാര്യം കൂടി ഞാനാവശ്യപ്പെടുന്നു. ഈ ഓഫീസിലായിരുന്നു ഞങ്ങളുടെ അമ്മയുടെ ജീവിതം തളച്ചിടപ്പെട്ടത്. ഈ ഓഫീസിന്റെ മുക്കും മൂലയും ഞങ്ങൾക്കറിയാം. ഇവിടെ അമ്മ ഉപയോഗിച്ച തൊഴിലുപകരണങ്ങളെന്താണെന്നും അവ എവിടെയൊക്കെയാണ് വെക്കാറെന്നും അമ്മ പറയാറുണ്ട്. ഒന്നു പറഞ്ഞോട്ടെ... വനിതകളുടെ വാഷ് റൂമിന്റെ പിറകിൽ അമ്മ അടിച്ചു വരുന്ന ഒരു ചൂലുണ്ട്. ഇന്ന് രാവിലെ വരെ അമ്മയത് ഉപയോഗിച്ചതാണ്. അതെനിക്ക് തരാൻ ദയവുണ്ടാവണം, അതിലെന്റെ അമ്മയുടെ കൈയ്യിലെ വിയർപ്പിന്റെ ഗന്ധമുണ്ട് , ഞങ്ങളെക്കാളേറെ അമ്മ സ്നേഹിച്ച ഈ ഓഫീസിന്റെ ചൂരുണ്ട്.... "

    അവർ സംസാരത്തിന് അല്പം വിരാമമിട്ടു. സദസ്സിലാകെ നിശ്ശബ്ദത ! മോഹൻ സാർ വേദിയിലിരുന്ന് കണ്ണ് തുടക്കുന്നു.  ഒരു സ്നേഹ നിധിയായ ജീവനക്കാരിയെ അമ്മയെ വിനയാന്വിതരായ മക്കളെ തിരിച്ചറിഞ്ഞ സദസ്സിന്റെ നിശ്ശബ്ദത !  ചെറിയ അധികാരക്കസേരകൾക്ക് മുകളിൽ അടയിരിക്കുന്ന ഓഫീസ് മേധാവികളെ ഉത്തരംമുട്ടിച്ച നിശ്ശബ്ദത !

     വേദിയിൽ നിന്നിറങ്ങി അമ്മയ്ക്ക് ഇരുവശത്തുമായി  വാഷ്‌ റൂമിനരികിലേക്ക് നടന്നു പോകുന്ന ആ  കുടുംബത്തിന് വേണ്ടി സദസ്സ് വഴിമാറി കൊടുക്കുമ്പോൾ അവരുടെ ഉള്ളിലെ അഹങ്കാരങ്ങളെല്ലാം ആ അമ്മയും മക്കളും അടിച്ചു വാരിക്കളഞ്ഞിരുന്നു. അപ്പോഴേക്കും കർണാടക രജിസ്ട്രേഷനിലുള്ള ചുകന്ന ബോർഡ് വെച്ച കാർ ഓഫീസ് കോമ്പൗണ്ടിനകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു.

    

       - *നൗഷാദ് അരീക്കോട്*

അഭിപ്രായങ്ങളൊന്നുമില്ല: