-->

ലോക അഭയാര്‍ത്ഥി ദിനം - ജൂൺ 20

അഭയാര്‍ത്ഥികളുടെ ദുസ്ഥിതിയിന്മേലുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് 2001 മുതല്‍ ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമായി ആചരിക്കുന്നത്. യുദ്ധങ്ങളും കലാപങ്ങളും ബലിയാടുകളാക്കി മാറ്റിയ കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് പിന്തുണയെന്ന നിലയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്.

സ്വന്തം വീടു വരെ നഷ്ടപ്പെട്ട് ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ ധൈര്യപൂര്‍വ്വം നേരിട്ട് ദുരന്തങ്ങളുടെ ബാക്കിപത്രമായിന്നും ജീവിക്കുന്നവര്‍ക്കുള്ള ആദരവായാണ് 2001ല്‍ യുഎന്‍ ജനറല്‍ അസംബ്ലി ജൂണ്‍ 20 ലോക അഭയാര്‍ത്ഥി ദിനമായി പ്രഖ്യാപിച്ചത്. അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സഹായഹസ്തമായി മാറാനുള്ള അവസരമാണ് ഓരോ അഭയാര്‍ത്ഥി ദിനവും ...

വംശം, മതം, സാമൂഹ്യസംഘടനകളിലെ അംഗത്വം, ദേശീയത എന്നിവ മൂലം താന്‍ ആക്രമിക്കപ്പെടുമെന്ന ഭീതിമൂലം സ്വന്തം നാടും വീടും ഉപേക്ഷിച്ച് പോകേണ്ടി വരുന്നവരെയാണ് ഐക്യരാഷ്ട്രസഭയുടെ 1951ലെ അഭയാര്‍ത്ഥി കണ്‍വന്‍ഷന്‍ പ്രകാരം അഭയാര്‍ത്ഥിയുടെ നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നത്. സ്വന്തംനാട്ടില്‍ നിന്നും വീട്ടില്‍ നിന്നും ആട്ടിപ്പായിക്കപ്പെടുന്നത് തീര്‍ച്ചയായും ഹൃദയഭേദകമാണ്. ഒറ്റരാത്രി കൊണ്ട് ജനങ്ങള്‍ നാടില്ലാത്തവരായി മാറുന്നു. അനിശ്ചിതത്വം നിറഞ്ഞ ഒരു ഭാവിയിലേക്ക് എറിയപ്പെടുന്നു. പലപ്പോഴും പ്രകൃതി ദുരന്തങ്ങള്‍ മൂലവും പലര്‍ക്കും വീട് വിട്ട് പോകേണ്ടി വരുന്നുണ്ട്. ഈ ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്ന് ബോധ്യം ഓരോ മനുഷ്യന്റെയും ചിന്തകളിൽ സൃഷ്ടിക്കപ്പെട്ടാൽ അഭയാർത്ഥികൾ ഉണ്ടാവില്ല... അത്തരമൊരു സമത്വ സുന്ദര ലോകത്തിനായി... പ്രതീക്ഷയോടെ ഈ ദിനവും നമുക്ക് ആചരിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല: