-->

ലോക ദേശാടന പക്ഷി ദിനം (World Migratory Bird Day) 2022 മെയ്‌ 14, ഒക്ടോബർ 08

ലോക ദേശാടന പക്ഷി ദിനം വർഷത്തിൽ രണ്ട് തവണ ആചരിക്കുന്നു. മെയ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയും. 2022 ൽ മെയ്‌ 14, ഒക്ടോബർ 08 എന്നീ തീയതികളിലാണ് ലോക ദേശാടന പക്ഷി ദിനമായി ആചരിക്കുന്നത്.

2006ലാണ് ലോക ദേശാടന പക്ഷി ദിനം ആചരിച്ച് തുടങ്ങിയത്. ലോകത്താകമാനമുള്ള ജനസംഖ്യയ്ക്ക് ദേശാടന പക്ഷികളുടെയും ജൈവവൈവിധ്യത്തിന്റെയും സംബന്ധിച്ച ബന്ധത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഐക്യരാഷ്ട്ര സഭയാണ് ഇത്തരമൊരു ദിനത്തിന്റെ ആവശ്യകതയെക്കുറിച്ച് ആലോചനകള്‍ നടത്തിയതും ഈ ദിനം ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചതും. അന്നു മുതല്‍ ഏകദേശം 118 ഓളം രാജ്യങ്ങളാണ് ഈ ദിനത്തില്‍ പങ്കാളികളായി പരിപാടികള്‍ സംഘടിപ്പിക്കാറുള്ളത്.


പക്ഷികളുടെ ആരോഗ്യകരമായ ജനസംഖ്യ ഉറപ്പാക്കുക, ദേശാടന പക്ഷികളുടെ പ്രജനനവും അവയുടെ ആവാസവ്യവസ്ഥകളും സംരക്ഷിക്കുക, തുടങ്ങിയവയാണ് ലോക ദേശാടന പക്ഷി ദിനത്തിന്റെ ലക്ഷ്യം. അവയുടെ പാരിസ്ഥിതിക പ്രാധാന്യം സംരക്ഷിക്കുക എന്നതിലാണ് ഈ ദിനത്തിന്റെ പ്രത്യേകത നിലകൊള്ളുന്നത്. പ്രകൃതിയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ജൈവവൈവിധ്യത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കുന്നതിനുമായി നമുക്ക് ദേശാടന പക്ഷികളുടെ അസ്ഥിത്വം അനിവാര്യമാണ്.


🔹ദേശാടനപക്ഷികൾ


ഒരു ദേശത്തു നിന്നും മുട്ടയിടാനും മറ്റും മറ്റൊരു ദേശത്തേക്ക് പറക്കുന്ന പക്ഷികളാണ് ദേശാടനപക്ഷികൾ. പക്ഷികളുടെ ഈ ദേശാടനം ഋതുക്കളൂമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവക്ക് പൊതുവെ സ്ഥിരമായി ഒരു സ്ഥലം ഉണ്ടായിരിക്കുന്നതല്ല, നിരന്തരം ഇവർ തീറ്റതേടിയും മറ്റും സഞ്ചരിക്കുന്നവയാണ്. പക്ഷികളിലെ പല വിഭാഗങ്ങളൂം ദേശാടനം നടത്തുന്നവയാണ്. ഇതിനിടയിൽ പട്ടിണികൊണ്ടും വേട്ടയാടൽ കൊണ്ടും വലിയ നാശം സംഭവിക്കുന്നെങ്കിലും ഒരു പ്രകൃതിപ്രതിഭാസം എന്നപോലെ അവ ഒരു ദേശത്തു നിന്നും വേറൊരിടത്തെക്ക് പറക്കുന്നു. ഇത് അവയുടെ ഉത്ഭവം മുതൽ ഉണ്ടെന്നനുമാനിക്കണം കാരണം മനുഷ്യനുകിട്ടാവുന്ന ആദ്യ തെളിവുകളിലെല്ലാം പക്ഷികളുടെ സഞ്ചാരത്തെ പറ്റിപറയുന്നുണ്ട്. കാളിദാസന്റെ മേഘസന്ദേശത്തിൽ മാനസസരസ്സിൽ നിന്നും മുട്ടയിടാനായി മാലാകാരത്തിൽ വന്നുപോകുന്ന വലാഹപക്ഷികളെയും താമരത്തളിർ തിന്നുപറക്കുന്ന രാജഹംസങ്ങളെയും സൂചിപ്പിക്കുന്നുണ്ട്


അഭിപ്രായങ്ങളൊന്നുമില്ല: