-->

അന്താരാഷ്ട്ര മ്യൂസിയം ദിനം - May 18

 ഇന്ന് മെയ് 18, അന്താരാഷ്ട്ര മ്യൂസിയം ദിനം. മ്യൂസിയങ്ങളുടെ അന്തർദേശീയ സംഘടനയായ ഐസിഒഎം 1997 മുതൽ ഈ ദിനാചരണം നടത്തിവരുന്നു.

ഒരു സമൂഹത്തിന്റെ ചരിത്രബോധവും സാംസ‌്കാരിക പൈതൃകത്തിന്റെ പ്രബുദ്ധതയും പ്രോജ്വലിപ്പിക്കുന്നതാണ് മ്യൂസിയങ്ങൾ. അവ ഒരു കാലഘട്ടത്തിന്റെ ധാർമിക– സാംസ‌്കാരിക പാരമ്പര്യമുൾക്കൊള്ളുന്ന ചൈതന്യത്തിന്റെ ഭൂതകാല സാക്ഷ്യങ്ങൾ കൂടിയാണ്.- പതിനേഴാം നൂറ്റാണ്ടിൽ രൂപംകൊണ്ട മ്യൂസിയം സങ്കൽപ്പം ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു. അറിവുകൾ ഏറ്റവും സത്യസന്ധമായി അനുഭവവേദ്യമാകുന്ന മ്യൂസിയങ്ങൾ വർത്തമാനകാലത്തെ ഏറ്റവും ശക്തമായ ബോധന മാധ്യമം കൂടിയാണ്. ഉദ്ഖനനങ്ങളിലൂടെ, പര്യവേക്ഷണങ്ങളിലൂടെ, മറ്റ് പഠനഗവേഷണങ്ങളിലൂടെ കണ്ടെത്തുന്ന പൈതൃക വസ‌്തുക്കൾ ശാസ്ത്രീയമായി സംരക്ഷിച്ച് പഠനങ്ങൾക്ക് വിധേയമാക്കി ഗ്യാലറികളിൽ പ്രദർശിപ്പിക്കുമ്പോൾ നമ്മുടെ പൂർവകാലചരിത്രം, സാംസ‌്കാരിക പാരമ്പര്യം എന്നിവ സന്ദർശക മനസ്സുകളിലേക്ക് സംക്രമിക്കപ്പെടുന്നു.


ഇന്ത്യയിലെ മ്യൂസിയം പ്രവർത്തനങ്ങൾക്ക് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമേയുള്ളവെങ്കിലും ഈ മേഖലയിൽ നമ്മുടെ സംഭാവനകൾ വിലപ്പെട്ടതാണ്. ഇന്ത്യയിലെ ആദ്യകാല മ്യൂസിയങ്ങളിൽ നാലാമത്തേത് കേരളത്തിലാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്ന് സമാരംഭിച്ച സ്ഥാപനം ‘നാപ്പിയർ മ്യൂസിയം’ കേരളത്തിന്റെ മ്യൂസിയം പരമ്പരയിലെ മുത്തശ്ശിയായി തലസ്ഥാന നഗരിയുടെ പ്രൗഢിക്ക് മാറ്റുകൂട്ടി നിലകൊള്ളുന്നു. പോയകാലങ്ങളിൽ ലോക മ്യൂസിയം രംഗത്ത് വന്നുചേർന്ന പരിവർത്തനങ്ങൾ നിരവധിയാണ‌്. പ്രദർശന വസ‌്തുക്കളുടെ കേവലമായ സംഗ്രഹാലയം എന്നനിലയിൽനിന്ന‌് ആധുനിക മ്യൂസിയങ്ങൾ പാടേ മാറി. ഒരു സമൂഹത്തിന്റെ, ജനതയുടെ പൈതൃകത്തെക്കുറിച്ച് അറിയാനാണ് ചരിത്രം പഠിക്കുന്നതെങ്കിൽ, അത്തരം ചരിത്ര വസ‌്തുതകൾക്ക‌് സത്യസന്ധമായ സാക്ഷ്യപത്രങ്ങളാണ് പുരാവസ‌്തുക്കളും പൈതൃകശേഷിപ്പുകളും. ഈ ചിഹ്നങ്ങൾ സംരക്ഷിച്ച് വരുംതലമുറക്ക് പഠിക്കാനും ഗവേഷണവിധേയമാക്കാനും കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കുക എന്ന ദൗത്യമാണ് മ്യൂസിയങ്ങൾ നിർവഹിച്ചുപോരുന്നത്. അപ്രകാരം ചരിത്രവും പൈതൃകവും മ്യൂസിയങ്ങളും പരസ‌്പരപൂരകങ്ങളാണെന്നർഥം. മ്യൂസിയം എന്ന മാധ്യമത്തിന്റെ പ്രാധാന്യവും അതുതന്നെ.നമ്മുടെ മ്യൂസിയങ്ങളും വളരുകയാണ്, വൈവിധ്യത്തിലും വൈപുല്യത്തിലുമെല്ലാം ആധുനിക സാങ്കേതികത്തികവോടെ ഗ്യാലറികൾ ‘ഇന്ററാക്ടീവ്’ ആകുമ്പോൾ സന്ദർശകനും അവിഭാജ്യ ഘടകമായി മാറുന്നു.


🔹സംഗ്രഹാലയം അഥവാ മ്യൂസിയം

കലാ സാഹിത്യ സാംസ്‌കാരിക പ്രാധാന്യം ഉള്ള വസ്തുക്കളുടെ ശേഖരിച്ച് പൊതു പ്രദർശനത്തിന് സജ്ജം ആക്കുന്ന സ്ഥാപനം ആണ് സംഗ്രഹാലയം അഥവാ മ്യൂസിയം. പലപ്പോഴും പുരാവസ്തുക്കളും, ദേശീയ സ്വത്ത്‌ എന്ന സ്ഥാനം ഉള്ള അമൂല്യ വസ്തുക്കളും സംഗ്രഹാലയങ്ങളിൽ ആണ് സൂക്ഷിക്കുക. സാധാരണ വലിയ നഗരങ്ങളിലാണ് സംഗ്രഹാലയങ്ങൾ ഉണ്ടാവുക. ചരിത്രം, കല, സാംസ്കാരിക പൈതൃകം എന്നിവയെക്കുറിച്ച് സന്ദർശകരെ ബോധവൽക്കരിക്കുകയാണ് സംഗ്രഹാലയങ്ങളുടെ പ്രധാന ഉദ്ദേശം.


പുരാതന കാലങ്ങളിൽ വ്യക്തികളുടെ സ്വകാര്യ ശേഖരങ്ങൾ ആണ് സംഗ്രഹാലയങ്ങൾ ആയി പ്രവർത്തിച്ചിരുന്നത്, ചരിത്രത്തിലെ ഏറ്റവും പുരാതനമായ സ്വകാര്യ സംഗ്രഹാലയം നിയോ ബാബിലോണിയൻ സാമ്രാജ്യത്തിലെ ഒരു എന്നിഗൽഡി (530 BC ) രാജ കുമാരിയുടേത് ആയിരുന്നു. ഇത്തരം സ്വകാര്യ സംഗ്രഹാലയങ്ങൾ പലപ്പോഴും സാധാരണ ജനങ്ങൾക്ക്‌ പ്രവേശനമില്ലാത്തവയായിരുന്നു. ആദ്യത്തെ പൊതു സംഗ്രഹാലയങ്ങൾ യുറോപ്പിൽ നവോത്ഥാന കാലത്തു ആണ് തുടങ്ങിയത്. Pope Sixtus നാലാമൻ തന്റെ സ്വകാര്യ ശേഖരം 1471 ൽ റോമിലെ പൊതു ജനങ്ങൾക്ക്‌ സമർപ്പിച്ചപ്പ്പോൾ ആണ് ലോകത്തിലെ ആദ്യത്തെ പൊതു സംഗ്രഹാലയം സ്ഥാപിക്കപ്പെട്ടത്. വിക്റ്റോറിയൻ കാലഘട്ടത്തിലെ തിരുവനന്തപുരത്ത് ഉള്ള നേപ്പിയർ മ്യൂസിയം കേരളത്തിലെ ഒരു പ്രധാന സംഗ്രഹാലയമാണ്.


അഭിപ്രായങ്ങളൊന്നുമില്ല: