-->

ഉപ്പു സത്യാഗ്രഹം - ചില വസ്തുതകൾ - ഏപ്രിൽ 6 ന്റെ ഇതിഹാസം

ഉപ്പുനിയമം ബ്രിട്ടീഷ്‌ ഇന്ത്യയിലെ വെറുക്കപ്പെട്ട നിയമങ്ങളില്‍ ഒന്നായിരുന്നു. ഈ നിയമപ്രകാരം ഉപ്പു നിര്‍മ്മിക്കാനും വില്‍ക്കാനുമുള്ള അധികാരം ഗവണ്‍മെന്റിന്റെ കുത്തകയായിരുന്നു. ഉപ്പ്‌ ജനങ്ങളുടെ ഭക്ഷണത്തിന്റെ അനിവാര്യ ഘടകമായിരുന്നു. അതിനാല്‍ ഓരോ ഇന്ത്യന്‍ കുടുംബത്തിനും അത്‌ അതൃന്താപേക്ഷിതമായിരുന്നു.

എന്നാല്‍ വീട്ടാവശ്യത്തിനു പോലും ഉപ്പുണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ അവരെ അനുവദിച്ചില്ല. അതുകൊണ്ട്‌ കടകളില്‍ നിന്ന്‌ ഉയര്‍ന്ന വില കൊടുത്ത്‌ ഉപ്പ്‌ വാങ്ങാന്‍ അവര്‍ നിര്‍ബ്ബന്ധിതരായി. മാത്രമല്ല ഗവണ്‍മെന്റ്‌ ഉപ്പുനികുതി ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സ്വാഭാവികമായും ഉപ്പുനിര്‍മ്മാണത്തിലുള്ള ഗവണ്‍മെന്റ്‌ കുത്തകയ്‌ക്കെതിരെ ജനരോഷം ആളിപ്പടര്‍ന്നു. അങ്ങനെ ഉപ്പുനിയമം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു പ്രധാന പ്രശ്നമായിത്തീര്‍ന്നു. ഉപ്പുനികുതി മറ്റു നികുതികളെക്കാള്‍ ജനദ്രോഹപരമാണെന്ന്‌ മനസ്സിലാക്കിയ ഗാന്ധിജി ഉപ്പ് സത്യാഗ്രഹം ആരംഭിക്കാൻ തീരുമാനിച്ചു.


ഗാന്ധിജി ഉയര്‍ത്തിയ വെല്ലുവിളിയുടെ പ്രാധാന്യം തിരിച്ചറിയാന്‍ ബ്രിട്ടീഷുകാര്‍ക്ക്‌ കഴിഞ്ഞില്ല. തന്റെ ദണ്ഡി യാത്രയെക്കുറിച്ച്‌ ഗാന്ധിജി വൈസ്രോയിയായ ഇര്‍വിന്‍ പ്രഭുവിന്‌ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കിയിരുന്നെങ്കിലും അദ്ദേഹം അത്‌ അവഗണിക്കുകയാണ്‌ ചെയ്തത്‌. 1930 മാര്‍ച്ച്‌ 12 ന്‌ ഗാന്ധിജി അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ ദണ്ഡിയാത്ര ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട 78 അനുയായികളോടൊപ്പം അദ്ദേഹം സബര്‍മതി ആശ്രമത്തില്‍ നിന്നും ഏതാണ്ട്‌ 200 മൈല്‍ ദൂരെയുള്ള ദണ്ഡിയിലേക്കു മാര്‍ച്ച്‌ ചെയ്തു. 24 ദിവസത്തെ കാല്‍നടയാത്രയ്ക്കുശേഷം അദ്ദേഹം ഗുജറാത്തിലെ കടലോര ഗ്രാമമായ ദണ്ഡിയിലെത്തി. 1930 ഏപ്രില്‍ 6 ന്‌ ഗാന്ധിജിയും അനുയായികളും ദണ്ഡി കടപ്പുറത്തു വെച്ച്‌ ഉപ്പു നിയമം ലംഘിച്ച്‌ ഉപ്പുണ്ടാക്കി. അങ്ങനെ നിയമത്തിന്റെ മുന്നില്‍ അദ്ദേഹം സ്വയം ഒരു കുറ്റവാളിയായി മാറി. ഇതിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങള്‍ ഉപ്പുനിയമം ലംഘിച്ചു. ദണ്ഡി യാത്രയ്ക്ക് ജനപ്രീതി അനുദിനം വര്ധിക്കുന്നതിൽ ഭയചകിതരായ ബ്രിട്ടീഷ് ഭരണകൂടം ഗാന്ധിജിയേയും ജവാഹർലാൽ നെഹ്രുവിനെയും ജയിലിലടച്ചു.


അഭിപ്രായങ്ങളൊന്നുമില്ല: