ഇന്ന് ദേശീയ വാക്സിനേഷൻ ദിനം. പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കാനാണ് എല്ലാവർഷവും മാർച്ച് 16 ന് ദേശീയ വാക്സിനേഷൻ ദിനമായി ആചരിക്കുന്നത്. ഇന്ത്യയിൽ പൾസ് പോളിയോ പദ്ധതി ആരംഭിച്ച 1995 മുതൽ തന്നെ ദേശീയ വാക്സിനേഷൻ ദിനവും ആചരിക്കുന്നുണ്ട്. 1995 മാർച്ച് 16 നായിരുന്നു ഇന്ത്യയിൽ ആദ്യത്തെ പോളിയോ വാക്സിൻ ആദ്യ ഡോസ് നൽകിയത്.
1995 കാലത്ത് പ്രതിവർഷം അരലക്ഷം കുട്ടികൾക്ക് എന്ന കണക്കിലായിരുന്നു ഇന്ത്യയിൽ പോളിയോമെലിറ്റസ് വൈറസ് ബാധിച്ചിരുന്നത്. അന്നു തുടങ്ങിയതാണ് ഈ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം. 27 വർഷങ്ങൾക്കിപ്പുറം ദേശീയ വാക്സിനേഷൻ ദിനം ആചരിക്കുമ്പോൾ രാജ്യം മറ്റൊരു വൈറസിനെ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിലാണെന്നതും യദൃശ്ചികം.
പോളിയോ ബാധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ വാക്സിനേഷൻ ദിനം ആരംഭിച്ചത്. രോഗത്തെക്കുറിച്ചുള്ള അവബോധവും ഭൂമിയിൽ നിന്നും രോഗത്തെ ഉന്മൂലനം ചെയ്യാമെന്നതിനെ കുറിച്ചുമുള്ള സന്ദേശമാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. നാഷണൽ ഹെൽത്ത് പ്രോഗ്രാം വെബ്സൈറ്റിലെ വിവരം അനുസരിച്ച് ഓരോ ദേശീയ രോഗപ്രതിരോധ ദിനത്തിലും 172 ദശലക്ഷം കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നുണ്ട്.ബാഹ്യവും ആന്തരികവുമായ രോഗങ്ങളെ ചെറുക്കുന്നതിനായി ശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ അഥവാ പ്രതിരോധവ്യവസ്ഥ എന്നത്.
ആന്റിബോഡികൾ സൃഷ്ടിക്കാൻ വാക്സിനുകൾ ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്നു. രോഗകാരികളാകാൻ കഴിയാത്ത വൈറസുകൾ അല്ലെങ്കിൽ ബാക്ടീരിയകൾ പോലുള്ള രോഗാണുക്കളെ വാക്സിനുകൾ കൊല്ലുകയോ ദുർബലപ്പെടുത്തുകയോ ചെയ്യുന്നു.
രണ്ടുമാസം പ്രായമുള്ള കുട്ടികൾക്ക് മൂന്നോ നാലോ ഡോസ് പോളിയോ വാക്സിൻ നൽകണമെന്നതാണ് ലോകാരോഗ്യ സംഘടനയുടെ ശുപാർശ. ഇന്ത്യയിൽ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രണ്ട് തുള്ളി വാക്സിൻ നൽകി വരുന്നു. പദ്ധതി കാര്യക്ഷമമായി നടത്തി വന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന 2014 ൽ ഇന്ത്യയെ പോളിയോ രഹിത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. 2011 ജനുവരി 30 ന് പശ്ചിമ ബംഗാളിലാണ് ഇന്ത്യയിലെ അവസാനത്തെ പോളിയോ കേസ് റിപ്പോർട്ട് ചെയ്തത്.
1978 ലാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം അവതരിപ്പിക്കുന്നത്. 1989 ൽ ഇത് എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ ജില്ലകളെയും ഘട്ടം ഘട്ടമായി പരിഷ്‌കരിച്ചു. ബാസിലസ് കാൽമെറ്റ്-ഗുറിൻ വാക്സിൻ, ഓറൽ പോളിയോ വാക്സിൻ, ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ, ടെറ്റനസ്, മുതിർന്നവർക്കുള്ള ഡിഫ്തീരിയ (ടിഡി) വാക്സിൻ, ഡിപിടി, ജെഇ വാക്സിൻ, പിസിവി, റോട്ടവൈറസ് വാക്സിൻ, പെന്റാവാലന്റ് വാക്സിൻ എന്നിവയാണ് യുഐപിക്ക് കീഴിൽ നൽകിയ വാക്സിനുകൾ.
കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്ന ജെ പി നദ്ദയാണ് 2014 ഡിസംബർ 25 ന് മിഷൻ ഇന്ദ്രധനുഷ് ആരംഭിച്ചത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഭാരതത്തിലെ 90 ശതമാനം കുട്ടികളിലും പ്രതിരോധ കുത്തിവയ്പ്പ് ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകളാണ് പദ്ധതി പ്രകാരം നൽകുന്നത്. കുട്ടികൾക്കു പുറമെ ഗർഭിണികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തും. നേരത്തെ പ്രതിരോധ കുത്തിവയ്പ്പ് നടത്തിയപ്പോൾ വിട്ടുപോയ കുട്ടികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ