-->

*അന്താരാഷ്ട്ര വനിതാ ദിനം (International Womens Day)* March 08

 ഇന്ന് മാർച്ച് 8 , ലോക വനിതാ ദിനം . "സുസ്ഥിര നാളെക്കായി ലിംഗ സമത്വം ഇന്ന്" എന്നതാണ് ഇത്തവണത്തെ വനിതാദിന പ്രമേയം.

1908ല്‍ പതിനയ്യായിരത്തിലധികം വരുന്ന സ്ത്രീ തൊഴിലാളികള്‍ ന്യൂയോര്‍ക്ക് നഗരഹൃദയത്തിലൂടെ ഒരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

ജോലി സമയത്തില്‍ കുറവ് വരുത്തുക, ശമ്പളത്തില്‍ ന്യായമായ വര്‍ധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം. ഈ പ്രക്ഷോഭമായിരുന്നു ലോക വനിതാദിനത്തിന് വിത്തുകള്‍ പാകിയത്.

അതിനും ഒരു കൊല്ലത്തിനു ശേഷം അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയായിരുന്നു ‘ലോക വനിതാ ദിനം’ എന്ന സങ്കല്പം മുന്നോട്ടുവയ്ക്കുന്നത്. ഈ ദിനത്തെ ഒരു അന്തര്‍ദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടുവച്ചത് ക്ലാരാ സെറ്റ്കിന്‍ എന്ന ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് തത്വചിന്തകയാണ്. 1910ല്‍ ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോണ്‍ഗ്രസിലാണ് ക്ലാര ഇങ്ങനെയൊരു കാര്യം നിര്‍ദ്ദേശിക്കുന്നത്.

തുടര്‍ന്ന് കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്ന 17 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആ ആശയത്തെ ഐക്യകണ്‌ഠേന അംഗീകരിച്ചു. 1911ല്‍ ആസ്ട്രിയയിലും ഡെന്മാര്‍ക്കിലും ജര്‍മനിയിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമാണ് ലോക വനിതാ ദിനം ആദ്യമായി ആഘോഷിക്കപ്പെട്ടത്.

കൃത്യമായ ഒരു തീയതി ആയിരുന്നില്ല ആദ്യമൊക്കെ ലോകവനിതാദിനം ആഘോഷിക്കപ്പെട്ടിരുന്നത്. 1917ല്‍ റഷ്യയിലെ ഒരു കൂട്ടം സ്ത്രീകള്‍ ‘ബ്രഡ് ആന്‍ഡ് പീസ്’ എന്ന മുദ്രാവാക്യവുമായി നടത്തിയ നാല് ദിവസത്തെ സമരത്തിനൊടുവില്‍ സാര്‍ ചക്രവര്‍ത്തി മുട്ടുമടക്കി സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതോടെയാണ് ലോകമെങ്ങും ഒരേദിവസം വനിതാദിനം ആഘോഷിക്കുന്ന സാഹചര്യമുണ്ടായത്.

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ആ ഐതിഹാസിക സമരം തുടങ്ങുന്ന ദിവസം മാര്‍ച്ച് എട്ടിന് ആയിരുന്നു. അതിന്റെ ഓര്‍മയ്ക്കായി പിന്നീടങ്ങോട്ട് എല്ലാവര്‍ഷവും മാര്‍ച്ച് എട്ടിന് തന്നെ ലോകവനിതാദിനം ആഘോഷിച്ചു തുടങ്ങുകയായിരുന്നു. ചില രാജ്യങ്ങളില്‍ ദേശീയ അവധി ദിവസമാണ് മാര്‍ച്ച് എട്ട്.

1975 ലാണ് ഐക്യരാഷ്ട്ര സഭ ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത്. 1996 മുതല്‍ ഓരോ വര്‍ഷവും ഓരോ തീമും ഐക്യരാഷ്ട്ര സഭ നിര്‍ദ്ദേശിച്ചു. ആദ്യത്തെ തീം, ‘Celebrating the Past, Planning for the Future’ എന്നതായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല: