ഹെലൻ് കെല്ലറുടെ ജന്മദിനമാണ് ഇന്ന്.
അലബായിൽ 1880 ജൂൺ ഇരുപത്തിയേഴിനാണ് ഹെലൻ കെല്ലർ ജനിക്കുന്നത്. ജനിച്ച് പതിനെട്ടാം മാസത്തിൽ ഹെലനെ ബാധിച്ച പനിയാണ് കാഴ്ചയും കേഴ്വിയും അവളിൽ നിന്ന് തട്ടിയെടുത്തക്കത്. എന്നാൽ മാതാപിതാക്കളായ ആർതർ എച്ച് കെല്ലറും കാതറീൻ ആദംസ് കെല്ലറും തങ്ങളുടെ മകൾക്ക് സംഭവിച്ച ദുരന്തത്തിനോട് പോരാടാൻ തീരുമാനിച്ചു. മകൾക്ക് കൃത്യമായ പരിശീലനം ലഭിക്കുന്നതിനു വേണ്ടി ആ മാതാപിതാക്കൾ നിരവധിയിടങ്ങളിൽ കയറിയിറങ്ങി. മെറിലാൻഡിലെ ഒരാശുപത്രിയിലെ ഡോ.ജൂലിയൻ ഖിൽസ്ളോം ആണ് ആദ്യമായി ഹെലനെ പരിശോധിക്കുന്നത്. അദ്ദേഹം മഹാനായ മറ്റൊരു വ്യക്തിയുടെ അടുത്തേക്ക് ഹെലനെ മാതാപിതാക്കളെയെത്തിച്ചു. ബധിരായ കുട്ടികൾക്കിടിയൽ പഠനം നടത്തിയിരുന്ന, ടെലിഫോണിന്റെ ഉപജ്ഞാതാവായ അലക്സാണ്ട്ര് ഗ്രഹാംബെലിന്റെ അടുത്തേക്ക്.
അദ്ദേഹമാണ് ്മസാച്യുസെറ്റിലെ വിഖ്യാതമായ പെർകിൻ എന്ന അന്ധർക്കായുള്ള സ്ഥാപനത്തെ ഹെലന്റെ മാതാപിതാക്കൾക്ക് പരിചയപ്പെടുത്തുന്നത്. പെർകിൻ സ്കൂളിലെ ഡയറക്ടറായിരുന്ന മിഷേൽ അനഗനോസ് ആണ് അവിടുന്ന് തന്നെ പഠിച്ചിറങ്ങിയ ആൻ സുള്ളിവൻ എന്ന പ്രഗത്ഭയായ വിദ്യാർഥിയെ ഹെലന്റെ അധ്യാപികയാക്കുന്നത്. നാൽപ്പത്തിയൊൻപത്വർഷം നീണ്ടു നിന്ന ആ ബന്ധം ലോകത്തിലെ ഏറ്റവും ഉദാത്തമായ ഗുരു ശിഷ്യ ബന്ധമായിട്ടാണ് ഇന്നും വിലയിരുത്തുന്നത്.
ഹെലന് ഏഴു വയസുള്ളപ്പോൾ 1887 മാർച്ചിലാണ് അധ്യാപികയായി ആൻ സുള്ളിവർ എത്തുന്നത്. ആദ്യം കണ്ടപ്പോൾ ഹെലനു സമ്മാനിച്ചത് ഒരു പാവക്കുട്ടിയായിരുന്നു. സമ്മാനിക്കുന്നതിനോടൊപ്പം അവളുടെ ,കയ്യിൽ ടീച്ചർ ഡോൾ എന്നെഴുതുകയും ചെയ്തു. ആദ്യം പഠിപ്പിച്ച വാക്കും അതുതന്നെയായിരുന്നു. പഠിക്കാൻ ആകാംഷയുണ്ടായിരുന്നെങ്കിലും ആദ്യമൊന്നും ടീച്ചറുടെ നിർദ്ദേശങ്ങൾ പൂർണമായി അനുസരിക്കാൻ കെല്ലർ തയ്യാറായിരുന്നില്ല. വീട്ടുകാരിൽ നിന്ന് കെല്ലറെ വേർപ്പെടുത്തി മറ്റൊരിടത്തേക്ക് ടീച്ചർ കൊണ്ടുപോയി. പിന്നീടുള്ള കെല്ലറുടെ മാറ്റങ്ങൾ അത്ഭുതകരമായിരുന്നുവെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്. സ്പർശനത്തിലൂടെയും മണത്തിലൂടെയുമായിരുന്നു അവർ കെല്ലറെ പഠിപ്പിച്ചത്. വസ്തുവും അക്ഷരങ്ങളും തമ്മിലുള്ള ബന്ധമറിയിക്കാൻ ഓരോയിടത്തേക്കും അവർ കെല്ലറെ കൊണ്ടുപോയി. വാട്ടർ എന്നു പറയിപ്പിക്കാൻ ഒരു വെള്ളച്ചാട്ടത്തിനടുത്തേക്കാണ് കെല്ലറെ ടീച്ചർ കൊണ്ടുപോയത്. കെല്ലറുടെ ഒരു കൈ വെള്ളത്തിലേക്ക് നീട്ടിപ്പിടിച്ചിട്ട് മറ്റേ കൈയിൽ അവർ വാട്ടർ എന്നെഴുതി. ഒടുവിൽ ടീച്ചറുടെ കയ്യിൽ വാട്ടറെന്ന് കെല്ലറും തിരിച്ചെഴുതി. അന്നൊറ്റ രാത്രി കൊണ്ട് ഈ രീതിയിൽ മുപ്പതിലേറെ വാക്കുകളാണ് ടീച്ചർ കെല്ലറെ പഠിപ്പിച്ചത്.
പത്താമത്തെ വയസിൽ എഴുതാനും വായിക്കാനും കെല്ലർ പ്രാപ്തി നേടി. ബോസ്റ്റണിലെ ഹോയാർസ് മാൻ സ്കൂൾ എന്ന ബധിര വിദ്യാലയത്തിലാണ് കെല്ലർ സംസാര ശേഷി വികസിപ്പിക്കാനുള്ള പഠനം നടത്തിയത്. മറ്റുള്ളവർക്ക് മനസിലാകുന്ന രീതിയിൽ സംസാരിക്കാനുള്ള ശേഷി കെല്ലർ നേടിയത് ഇരുപത്തിയഞ്ച് വർഷത്തെ പരിശ്രമത്തിനൊടുവിലാണ്. 1894 മുതൽ 1896 വരെ ന്യൂയോർക്കിലെ റൈറ്റ് ഹുമസൺ ബധിര വിദ്യാലയത്തിലാണ് കെല്ലർ വിദ്യാഭ്യാസം നടത്തിയത്. സ്കൂൾ ഓഫ് യംഗ് ലേഡീസ് ഫോർ കേബ്രിഡിജിലെ പഠനകാലത്താണ് കെല്ലർ തന്റെ ജീവിതത്തിലെ ഏറ്റവും പ്രായോഗികമായ വിദ്യാഭ്യാസം സ്വായത്തമാക്കുന്നത്. ചുണ്ടുകൾ കൂട്ടിച്ചേർത്ത് വായിക്കാനും ബ്രെയിൻ ലിപിയും ടൈപ്പിങുമെല്ലാം ഇവിടുന്നാണ് കെല്ലർ പഠിക്കുന്നത്. ഇവിടെ വച്ചു പരിചയപ്പെട്ട മാർക്ക് ട്വയിനെപ്പോലുള്ള മഹത് വ്യക്തിത്വങ്ങളാണ് ലോകം കെല്ലറെ അറിയുന്നതിന് കാരണമായത്. ഇവിടെ വച്ച് തന്റെ ഇരുപത്തിയൊന്നാമത്തെ വയസിലാണ് കെല്ലർ തന്റെ ആത്മകഥയായ സ്റ്റോറി ഓഫ് മൈ ലൈഫ് എഴുതുന്നത്.
ഇക്കാലമത്രയും തന്റെയൊപ്പമുണ്ടായിരുന്ന ഹെലനോടൊപ്പം അവരുടെ വരനായിരുന്ന ജോൺ മകിയും ഈ ആത്മകഥാ രചനയിൽ നിർണ്ണായക പങ്കു വഹിച്ചു. റാഡ്ക്ളിഫ് കോളേജിൽ നിന്ന് ഇരുപത്തിനാലാം വയസിൽ ബിരുദം പൂർത്തിയാക്കിയ ശേഷം ഈനിയുള്ള ജീവിതം ലോകത്തുള്ള അന്ധർക്കും ബധിരർക്കുമായി മാറ്റിവയ്ക്കാൻ കെല്ലർ തീരുമാനിച്ചു. ഇതു മാത്രമായിരുന്നില്ല അവരുടെ പ്രവർത്തന മേഖല സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളടക്കമുള്ള നിരവധി സാമൂഹിക അസമത്വങ്ങൾക്കെതിരേ അവർ എഴുതുകയുണ്ടായി .ഇത്തരം കാര്യങ്ങളെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി ലോകം മുഴുവൻ അവർ സഞ്ചരിച്ചു. സ്ത്രീ സമത്വത്തിനു വേണ്ടി എന്നും വാദിച്ചിട്ടുള്ള കെല്ലറുടെ പ്രശസ്തമായ ലേഖനങ്ങളാണ് ഗ്രേറ്റ് അമേരിക്കൻ വുമൺ, പുട്ട് യുവർ ഹസ്ബന്റ്സ് ഇൻ ദ കിച്ചൺ എന്നിവ. പ്രന്ത്രണ്ടോളം പുസ്തകങ്ങലും അവർ രചിച്ചിട്ടുണ്ട്.
1915 ൽ പ്രശസ്ത നഗര ശില്പി ജോർജ് കെസ്ളറുടെ സഹായത്തോടെ അവർ 1915 ൽ അന്ധതക്കും പട്ടിണിക്കുമെതിരേ പോരടിക്കാൻ ഹെലൻ കെല്ലർ ഇന്റർനാഷണൽ ഫൗണ്ടേഷൻ രൂപീകരിച്ചു. 1921 ൽ അമേരിക്കൻ ഫെഡറേഷൻ ഫോർ ദ ബ്ളൈൻഡ് രൂപീകരിച്ചപ്പോൾ അതിലെ ഏറ്റവും സജീവയായ പ്രവർത്തകയും അവരായിരുന്നു. യുദ്ധത്തിൽ കാഴ്ച നഷ്ടപ്പെട്ടവരെ സഹായിക്കാനായി രൂപികരിച്ച പെർമന്റ് വാർ റിലീഫ് ഫണ്ടിലും അവർ പങ്കാളിയായി. ഇതാണ് പിന്നീട് അമേരിക്കൻ ബ്രെയിലീ പ്രെസ് എന്ന പേരിൽ പ്രശസ്തമായത്.
സോഷ്യലിസത്തിൽ വിശ്സിച്ചിരുന്ന അവർ 1909 -1921 കാലഘട്ടത്തിൽ അതിനെ കുറിച്ച് നിരവധി ലേഖനങ്ങളെഴുതി. യൂജിൻ ഡെബ്സിനെ അനുകൂലിച്ചുകൊണ്ടുള്ള ഈ ലേഖനങ്ങൾ പിന്നീട് ഔട്ട് ഓഫ് ഡാർക്ക് എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. സോഷ്യലിസത്തോടുള്ള അവരുടെ അടുപ്പം അവർക്കെതിരേ വിമർശനങ്ങളുയർന്നു വരാനിടയാക്കിയെങ്കിലും തന്റെ നിലപാടുകളെ എന്നും വിളിച്ചു പറയാനുള്ള തന്റേടം അവർക്കുണ്ടായിരുന്നു.
കെല്ലറുടെ ആത്മകഥയായ സ്റ്റോറി ഓഫ് മൈ ലൈഫിനെ അടിസ്ഥാനമാക്കി നിരവധി നാടകങ്ങളും സിനിമകളും ഇറങ്ങിയിട്ടുണ്ട്. ഹെലൻ കെല്ലറെ കുരിച്ചുള്ള ദി മിരാക്കിൾ വർക്കർ എന്ന സിനിമയിലെ അഭിനയത്തിന് പറ്റി ഡ്യൂക്കിന് ഓസ്കർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അതുല്യവും അവിസ്മരണീയവുമായ കെല്ലറുടെ ജീവിതത്തിന് നിരവധി പുരസ്കാരങ്ങൾ നൽകി ലോകം ആദരിച്ചിട്ടുണ്ട്. ലയണ്സ് ഹുമാനിറ്റേറിയൻ അവാർഡ്,പ്രസിഡൻഷ്യൽ മെഡൽ പോർ പ്രീഡം എന്നിവ അവയിൽ ചിലതുമാത്രം.
നിരവധി തവണ തന്നെ പിടികൂടിയ പക്ഷാഘാതത്തിനു ശേഷം 1968 ൽ ഹെലൻ കെല്ലർ മരണമടഞ്ഞപ്പോൾ ലോകം കണ്ടിട്ടുള്ള ഏറ്റവും മഹത്തായ പത്ത് വ്യക്തിത്തങ്ങളിലൊന്നായാണ് അവരെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
ഒരു നിദ്രക്കിടെയാണ് കെല്ലർ മരിക്കുന്നത്. ക്രൂരമായ അന്ധകാരത്തേയും നിശബ്ദതതേയും തോൽപ്പിച്ച് അപാരമായ ആത്മവിശ്വാസത്തോടെ ലോകത്തെ നോക്കിക്കണ്ട അവർ ഇന്നും ഉറങ്ങുകയാണെന്ന് വിശ്വസിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. അവർക്കരികിൽ കൈപിടിച്ച് ആനി സുള്ളിവർ എന്ന അധ്യാപികയുമുണ്ടെന്നും….
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ